Sunday, January 29, 2023

HomeNewsIndiaഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ വാതിക്കൽ, ഒപ്പം ഭരണം പിടിക്കാനുള്ള ബി.ജെ.പി. യുടെ...

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ വാതിക്കൽ, ഒപ്പം ഭരണം പിടിക്കാനുള്ള ബി.ജെ.പി. യുടെ തന്ത്രങ്ങളും

spot_img
spot_img

മലയാളഭൂമി ശശിധരൻനായർ

മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സിവിക് ബോഡിയായ ബൃഹദ്മുംബൈ മുൻസിപ്പൽ കോർപറേഷന് (ബിഎംസി) കേരള സംസ്ഥാനത്തിന്റെ ബജറ്റിനേക്കാൾ വലിയ ബജറ്റാനുള്ളത്. കോർപറേഷൻ ഫിക്സഡ് ഡെപ്പോസിറ്റായി ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മുംബൈ മുനിസിപ്പൽ കോർപറേഷന്റെ ഭരണം നടത്തുന്നത് ശിവസേനയാണ്.

മുംബൈ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ വാതിക്കൽ എത്തി നിൽക്കുകയാണ്. 2023 മാർച്ചിൽ തിരഞ്ഞെടുപ്പ് നടക്കും. ഇപ്പോൾ ശിവസേന രണ്ടു വിഭാഗങ്ങളായി മാറി. ഒന്ന് ഉദ്ധവ് ഠാക്കറെ വിഭാഗവും മറ്റേത് ഏക്നാഥ്‌ ശിന്ദെ വിഭാഗവും. ഉദ്ധവ് ഠാക്കറെ വിഭാഗത്തിൽ നിന്ന് ധാരാളം ശിവസേന എം.എൽ.എ.മാരെ തന്റെ ഭാഗത്തേക്കാക്കി മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുകയും ബി.ജെ.പി.യുടെ സഹായത്തോടെ ഏക്നാഥ്‌ ശിന്ദേ ഭരണം പിടിക്കുകയും ചെയ്തു.

നേരത്തെ ശിവസേനക്ക് എതിരാളികളായി കോൺഗ്രസ്സ്, എൻ.സി.പി, ബി.ജെ.പി., നവനിർമാൺ സേന,മറ്റ് ചെറിയ പാർട്ടികൾ ഇവരെല്ലാമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വിഭാഗം ശിവസേനക്കാരെയും ഉദ്ധവ് ഠാക്കറെ വിഭാഗത്തിന് എതിരിടേണ്ടതുണ്ട്.

മാറിയ പരിതസ്ഥിതിയിൽ ഏതു വിധേനെയും മുംബൈ മുനിസിപ്പൽ കോർപറേഷന്റെ ഭരണം തങ്ങളുടെ കൈപ്പിടിയിലൊതുക്കുവാൻ ഓരോ പാർട്ടിയും മത്സരിക്കുകയാണ്. ബി. ജെ.പി.ക്ക്‌ ഭരണത്തിലിരിക്കുന്ന കേന്ദ്രസർക്കാരിന്റെയും മഹാരാഷ്ട്ര സർക്കാരിന്റെയും പിന്തുണയുണ്ട്. ജീവന്മരണപോരാട്ടത്തിലാണ് ഉദ്ധവ് ഠാക്കറെ വിഭാഗം ശിവസേന. ഏതാണ്ട് 30 വർഷം ഭരിച്ച മുനിസിപ്പൽ കോർപറേഷൻ തങ്ങളുടെ പക്കൽ നിന്ന് നഷ്ടപ്പെടരുത്. സാഹചര്യങ്ങളെല്ലാം അവർക്ക് പ്രതികൂലമാണ്.

വിമതവിഭാഗം ശിവസേനയുടെയും ബി. ജെ.പി.യുടെയും കണ്ണ് ഒരു ലക്ഷം കോടി രൂപയുടെ കോർപറേഷന്റെ ഫിക്സഡ് ഡെപ്പോസിറ്റിലാണ്. പരോക്ഷമായി പ്രധാനമന്ത്രി ഇക്കാര്യം തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി. ധനം സൂക്ഷിച്ച് ബാങ്കിൽ വെക്കാതെ അത് വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ് വേണ്ടതെന്ന് നരേന്ദ്ര മോദി പറഞ്ഞു.

കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന ജനറൽ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജി.എസ്.ടി.) കോമ്പൻസേഷൻ, പ്രോപ്പർട്ടി ടാക്സ്, വാട്ടർ ടാക്സ്, ബിൽഡിംഗ്‌ പ്ലാൻ അപ്പ്രൂവൽ ഫീ, കടകൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന ലൈസൻസ് ഫീ ഇവയിൽ നിന്നെല്ലാം ലഭിക്കുന്ന ഭീമമായ സംഖ്യയും പ്രധാന വരുമാനമാർഗങ്ങളാണ്. കോർപറേഷന്റെ ഇപ്പോഴത്തെ റിസർവ് ഫണ്ട്‌ 87,131.57 കോടി രൂപയാണ്. ഇതെല്ലാം അധികാരമത്സരത്തിൽ ആകർഷകമായ ഘടകങ്ങളാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി 38,000 കോടി രൂപയുടെ പദ്ധതികളാണ് മുംബൈയിൽ പ്രഖ്യാപിച്ചത്. അതിൽ 2എ, 7 മെട്രോ ലൈനുകൾക്ക് 12,600 കോടി രൂപയും, മലാഡ്, ഭാണ്ടൂപ്പ്, വെർസോവ, ഘാട് കോപ്പർ, ബാന്ദ്ര, ധാരാവി, വർളി എന്നിവിടങ്ങളിലായി മൊത്തം ഏഴു സീവേജ് പ്ലാന്റുകൾക്കായി 17,200 കോടി രൂപയും, ഛത്രപതി ശിവജി മഹാരാജ് ടെർമിനസിന്റെ (പഴയ പേര് വിക്ടോറിയ ടെർമിനസ് റെയിൽവേ സ്റ്റേഷൻ) നവീകരണത്തിനായി 1,800 കോടി രൂപയും വക കൊള്ളിച്ചിട്ടുണ്ട്.

കൂടാതെ ശിവസേന സ്ഥാപകൻ ബാൽഠാക്കറെയുടെ പേരിൽ മുംബൈ മുനിസിപ്പൽ കോർപറേഷൻ തുടങ്ങുന്ന 20 ‘ആപ്ലെ ദവാഖാന’ എന്ന പബ്ലിക് ഡിസ്‌പെൻസറികൾ, മുംബൈ നഗരത്തിലെ 400 കിലോമീറ്റർ റോഡുകൾ കോൺക്രീറ്റ് ചെയ്യൽ, നാഷണൽ കോമൺ മോബിലിറ്റി കാർഡ് ഇവയുടെ എല്ലാം ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

സാധിച്ചാൽ ഒറ്റക്ക് മുംബൈ മുൻസിപ്പൽ കോർപറേഷന്റെ ഭരണം കൈയാളാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. അതു പറ്റിയില്ലെങ്കിൽ പരമാവധി സീറ്റുകൾ നേടിയാൽ ഏക്നാഥ്‌ ശിന്ദെയുടെ ശിവസേന വിഭാഗത്തിന്റെ സഹായത്തോടെ കോർപറേഷൻ ഭരണം പിടിക്കാമെന്നാണ് ബി.ജെ. പി. കണക്കുകൂട്ടുന്നത്.

ഒരു മുൻസിപ്പൽ കോർപ്പറേഷന്റെ ഭരണം പിടിച്ചാൽ നിർണായക സ്വാധീനം നേടാനും സംസ്ഥാനഭരണത്തിൽ ബി. ജെ.പി. ക്ക്‌ മേൽക്കൈ നേടാനും കഴിയും. അതുവഴി 2024 ലെ ദേശീയ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ. പി.ക്ക്‌ നിർണായകമായ സ്വാധീനം നേടാൻ കഴിയും. പിന്നീട് മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനും ലക്ഷ്യമിട്ടുമുള്ള മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള കരുനീക്കങ്ങളായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളെ രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.

ഇന്ത്യയിലെ ഏതൊരു മുനിസിപ്പൽ കോര്പറേഷന്റെ ഭരണം നേടിയാലും സംസ്ഥാനഭരണം നേടാൻ പറ്റില്ല. എന്നാൽ മുംബൈ മുനിസിപ്പൽ കോർപറേഷന്റെ ഭരണം വഴി സംസ്ഥാനഭരണം നേടാൻ പറ്റും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments