ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യൂമെന്ററി ബ്ലോക്ക് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ്.
21 വര്‍ഷത്തിനിപ്പുറവും ഗുജറാത്ത് കലാപത്തിന്റെ സത്യം പുറത്ത് വരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭയമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. യാഥാര്‍ത്ഥ്യം ലോകം കണ്ടുകൊണ്ടിരിക്കുമ്ബോള്‍ മോദി സര്‍ക്കാര്‍ അത് മറച്ചുവെക്കുന്നുവെന്നതില്‍ കാര്യമില്ലെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
ബിബിസി ഡോക്യുമെന്ററി തടഞ്ഞത് ഭീരുത്വവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണെന്നും ഇതിലൂടെ മോദിയുടെ സ്വേച്ഛാധിപത്യ മനോഭാവമാണ് പ്രകടിപ്പിക്കുന്നതെന്നുമായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മോദിയെ പ്രതിരോധിച്ച് രംഗത്തെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് സെക്രട്ടറി ആഷിഷ് ദുവയും രംഗത്തെത്തിയിരുന്നു. ഋഷി സുനക് ഗുജറാത്തിനെക്കുറിച്ചുള്ള ‘കൃത്യമായി ഗവേഷണം നടത്തിയ’ ബിബിസി ഡോക്യുമെന്ററി കണ്ടിട്ടുണ്ടോയെന്ന് ആഷിഷ് ദുവ ചോദിച്ചിരുന്നു.
കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബി.ബി.സിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ യൂട്യൂബ്, ട്വിറ്റര്‍ എന്നീ സാമൂഹികമാധ്യമങ്ങള്‍ വഴി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പങ്കുവെയ്ക്കുന്നത് വിലക്കി.