ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാളിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ബി.ജെ.പി. ഡല്‍ഹിയില്‍ തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ചു സ്വാതി കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
ഔദ്യോഗിക പദവി ഉപയോഗിച്ച് പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നതിനാല്‍ ഈ ദുരുപയോഗം തടയാന്‍ അന്വേഷണം അവസാനിക്കുന്നത് വരെ സ്വാതിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഡല്‍ഹി ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂറാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് കത്തയച്ചത്.
സ്വാതിയെ ആക്രമിച്ചയാള്‍ ആം ആദ്മി പാര്‍ട്ടി അംഗമാണെന്നും എഎപി എംഎല്‍എയ്ക്കൊപ്പമുള്ള ചിത്രം പുറത്തുവന്നിട്ടുണ്ടെന്നും പ്രവീണ്‍ ശങ്കര്‍ ആരോപിച്ചു.
രാത്രികാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനിടെ ഡല്‍ഹി എയിംസിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സ്വാതിക്ക് നേരെ ആക്രമണമുണ്ടായത്. കാറില്‍ മദ്യലഹരിയിലെത്തിയ വിഹാര്‍ സ്വദേശിയായ ഹരീഷ് ചന്ദ്ര സ്വാതിയോട് അസഭ്യം പറയുകയും കാറില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആവശ്യം നിരസിക്കുകയും പ്രതികരിക്കുകയും ചെയ്തതോടെ ഹരീഷ് പോയെങ്കിലും വീണ്ടും തിരിച്ചെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു.
ഹരീഷിനോട് കാറിന് സമീപം കൈ ചൂണ്ടി കയര്‍ക്കുന്നതിനിടെ പ്രതി കാറിന്റെ സൈഡ് ഡോര്‍ഗ്ലാസ് ഉയര്‍ത്തി. സ്വാതിയുടെ കൈ കാറില്‍ കടുങ്ങുകയും 15 മീറ്ററോളം വലിച്ചിഴയ്ക്കുകയും ചെയ്തുവെന്നാണ് സ്വാതിയുടെ പരാതി. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹരീഷ് ചന്ദ്രയെ അരമണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു.