ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഡോക്യുമെന്ററി വിലക്കിയെങ്കിലും സത്യം മറച്ചുവെക്കാനാകില്ലെന്ന് ജമ്മു-കശ്മീരില്‍ ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ദ മോദി -ക്വസ്റ്റ്യന്‍ (പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബി.ബി.സി പരമ്ബര) ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു. വിദേശകാര്യ മന്ത്രാലയം അവരുടെ നിലപാടിലൂടെ പ്രതിരോധത്തിലായി. അതിനാല്‍ ഇത് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്ന് ഞാന്‍ കരുതുന്നു. സത്യം മറച്ചുവെക്കാനാകില്ല. സത്യം പ്രകാശിക്കുന്നതാണ്. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. സത്യം എത്ര മറച്ചുവെച്ചാലും പുറത്തുവരും’ -രാഹുല്‍ ഗാന്ധി പറഞ്ഞു.
ബി.ബി.സി ഡോക്യുമെന്ററി തള്ളിക്കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍, അത് പക്ഷപാതപരവും വസ്തുനിഷ്ഠമല്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനും യുട്യൂബിനും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട ലിങ്കുകളെല്ലാം സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കി.