ന്യൂഡല്‍ഹി: അടുത്ത കാലത്തുണ്ടായ നിരവധി വിവാദ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മദ്യനയത്തില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യ. മദ്യപിച്ച് സഹയാത്രക്കാരിയുടെ മേല്‍ മുംബൈ സ്വദേശി ശങ്കര്‍ മിശ്ര മൂത്രമൊഴിച്ചത് അടക്കമുള്ള മോശം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ പിഴ ഈടാക്കിയിരുന്നു.
ശങ്കര്‍ മിശ്ര വിഷയത്തിന് പുറമെ, എയര്‍ ഇന്ത്യയുടെ രണ്ട് അന്താരാഷ്ട്ര വിമാനങ്ങളില്‍ നിന്നും യാത്രക്കാര്‍ക്കുണ്ടായ മോശം അനുഭവത്തിലും ഡിജിസിഎ 40 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. ശങ്കര്‍ മിശ്ര സംഭവത്തില്‍ 30 ലക്ഷം രൂപയും ഡിസംബര്‍ 10ലെ സംഭവത്തില്‍ 10 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്.
തുടര്‍ച്ചയായ ഇത്തരത്തിലുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തങ്ങളുടെ മദ്യനയത്തില്‍ മാറ്റംവരുത്താന്‍ എയര്‍ ഇന്ത്യ തയ്യാറായത്. യുഎസ് നാഷണല്‍ റെസ്റ്ററന്റസ് അസോസിയേഷന്‍സ് ഗൈഡ്‌ലൈന്‍സ് പ്രകാരമാണ് മദ്യനയം പുതുക്കിയിരിക്കുന്നത് എന്നും എയര്‍ ഇന്ത്യ അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയുണ്ടായി. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയിലെ ഉദ്യോ?ഗസ്ഥനായിരുന്നു ഇയാള്‍. വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യന്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്ന ശങ്കര്‍ മിശ്രയെ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ശങ്കര്‍ മിശ്രയ്ക്കെതിരായ ആരോപണങ്ങള്‍ ?ഗുരുതരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് കമ്പനി വ്യക്തമാക്കി.
യാത്രക്കാരന് അധികമായി നല്‍കുന്ന മദ്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുക എന്നതാണ് ടാറ്റയുടെ പുതിയ നയത്തില്‍ പറയുന്ന പ്രധാനകാര്യം. ജനുവരി 19ന് നിലവില്‍ വന്ന പോളിസി അനുസരിച്ച് ക്യാബിന്‍ക്രൂ നല്‍കുന്നതിന് പുറമേയുള്ള മദ്യം ഉപയോഗിക്കുന്നതിന് യാത്രക്കാര്‍ക്ക് അനുവാദം ഉണ്ടായിരിക്കില്ല. അതിന് പുറമെ, യാത്രക്കാര്‍ സ്വന്തം ബാഗില്‍ കരുതിയിരിക്കുന്ന മദ്യം ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പുതുക്കിയ മദ്യനയം അനുസരിച്ച് മദ്യം വിതരണം ചെയ്യുന്നതിന് മിതമായ തോതിലും സുരക്ഷിതമായ അളവിലും വേണമെന്നാണ് പറയുന്നത്. അതിനൊപ്പം തന്നെ യാത്രക്കാരന്‍ മദ്യം ആവശ്യപ്പെടുകയാണെങ്കില്‍ തന്ത്രപൂര്‍വം നിരസിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.
മേല്‍പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ, സര്‍വീസുകളില്‍ എന്തെല്ലാമാണ് ചെയ്യാവുന്നതെന്നും ചെയ്യാന്‍ പാടില്ലാത്തത് എന്നുമുള്ള നിര്‍ദ്ദേശങ്ങളും എയര്‍ ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്. യാത്രക്കാരോട് വളരെ മര്യാദയോടുകൂടി വേണം പെരുമാറുവാന്‍ എന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ഒരു കാരണവശാലും യാത്രികനെ മദ്യപാനി എന്നുവിളിക്കരുത് പകരം അവരെ വളരെ മര്യാദപൂര്‍വം വിലക്കണമെന്നും പറയുന്നു. ഇനി ഒരു ഡ്രിങ്ക് കൂടി മാത്രമേ നല്‍കുകയൊള്ളുവെന്ന് പറയരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.
അവര്‍ ശബ്ദം ഉയര്‍ത്തിയാലും നിങ്ങള്‍ ശബ്ദം ഉയര്‍ത്തരുത്. എന്നാല്‍, മദ്യം നല്‍കാതെ ഇനി നല്‍കില്ലെന്ന് തന്ത്രപരമായി സംസാരിക്കണമെന്നും എയര്‍ ഇന്ത്യ നയത്തില്‍ വ്യക്തമാക്കുന്നു. അല്‍പം സന്തോഷത്തിന് വേണ്ടി മദ്യപിക്കുന്നതും മദ്യപിച്ച് ലക്ക് കെടുന്നതും വിത്യാസമുണ്ടെന്നും പുതിയ നയത്തില്‍ വ്യക്തമാക്കുന്നു.
ഒരാളുടെ മദ്യപാനം മറ്റ് യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ അപകടമുണ്ടാക്കുന്ന തരത്തില്‍ ബുദ്ധിമുട്ടും തടസവും ഉണ്ടാക്കുമെന്ന് തോന്നിയാല്‍ മദ്യപിക്കുന്നതില്‍ നിന്നും വിലക്കാനും അടിയന്തര സാഹചര്യത്തില്‍ ബോര്‍ഡിങ്ങ് നിരസിക്കാനും എയര്‍ ഇന്ത്യ അതിന്റെ ക്യാബിന്‍ ക്രൂവിന് അധികാരം നല്‍കുന്നതായും പുതുക്കിയ നയത്തില്‍ വ്യക്തമാക്കുന്നു.
എയര്‍ ഇന്ത്യ വിമാനത്തില്‍ ഇനിമുതല്‍ മദ്യം വിളമ്പുന്നതിന് നിയന്ത്രണം. മദ്യപിച്ച ശേഷം യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ കൂടി വരുന്നതിനാലാണ് എയര്‍ ഇന്ത്യയുടെ ഈ നീക്കം. യാത്രക്കാര്‍ കൊണ്ടുവരുന്ന മദ്യം വിമാനത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും വിമാനത്തില്‍ കൂടുതല്‍ മദ്യം ആവശ്യപ്പെട്ടാല്‍ തന്ത്രപൂര്‍വ്വം നിഷേധിക്കണമെന്നും എയര്‍ ഇന്ത്യയുടെ പുതിയ നയത്തില്‍ പറയുന്നു.