അദാനി ഗ്രൂപ്പിനെതിരെ യുഎസ് ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. പാര്‍ലമെന്ററി പാനലോ സുപ്രീം കോടതി നിയോഗിച്ച സമിതിയോ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
അതേസമയം ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് 2 വരെ നിര്‍ത്തിവച്ചു.
രാജ്യസഭാ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രാവിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി, ഡിഎംകെ, ഇടതുപക്ഷം ,ജനതാദള്‍ യുണൈറ്റഡ് എന്നിവ ഉള്‍പ്പെടെ 13 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കുകയായിരുന്നു.
ഓഹരി വിപണിയില്‍ ഇടിവ് നേരിടുന്ന കമ്ബനികളില്‍ എല്‍ ഐ സിയും പൊതുമേഖലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നോട്ടീസ് നല്‍കിയത്. അതേസമയം നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. സഭ പ്രക്ഷുബ്ദമായതോടെ ഇരു സഭകളും ഉച്ച വരെ നിര്‍ത്തി വെച്ചു.
അതേസമയം സഭയ്ക്ക് പുറത്ത് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുറന്നടിച്ചു. ‘ചര്‍ച്ച വേണമെന്ന ഞങ്ങളുടെ ആവശ്യം നിരസിക്കപ്പെട്ടു. പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കുമ്ബോള്‍ ചര്‍ച്ചയ്ക്ക് സമയം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നിരവധി സാധുക്കളുടെ പണം എല്‍ ഐ സിയിലും എസ്ബിഐയിലും മറ്റ് ദേശീയ ബാങ്കുകളിലുമുണ്ട്. അത് തിരഞ്ഞെടുത്ത കമ്ബനികള്‍ക്ക് നല്‍കുകയാണ്.ഒന്നുകില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയോ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തിലുള്ള സംഘമോ ഇത് അന്വേഷിക്കണം’, ഖാര്‍ഗെ പറഞ്ഞു.
ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരായി പുറത്ത് വിട്ടിരുന്നത്. റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്തിരുന്ന എല്ലാ കമ്ബനികളുടെയും ഓഹരി മൂല്യത്തില്‍ വലിയ ഇടിവാണ് ഉണ്ടായത്. അതേസമയം റിപ്പോര്‍ട്ടിനെതിരെ അദാനി ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു