ബംഗളൂരു: മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ അഴിമതി ആരോപണവുമായി ബി.ജെ.പി നേതാവ് ലോകായുക്തയില്‍ പരാതി നല്‍കി.
റിയല്‍ എസ്റ്റേറ്റ് കമ്ബനിയായ ഡി.എല്‍.എഫുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും പരിസരങ്ങളിലുമായി 9600 കോടി രൂപ വിലവരുന്ന 1100 ഏക്കര്‍ ഭൂമി സിദ്ധരാമയ്യ മുഖ്യമന്ത്രിയായ കാലത്തെ ഭരണസംവിധാനം ഉപയോഗിച്ച് തട്ടിയെടുത്തെന്നാണ് പരാതി.
ബി.ജെ.പി ബംഗളൂരു സൗത്ത് ജില്ല പ്രസിഡന്റ് എന്‍.ആര്‍. രമേശ് സമര്‍പ്പിച്ച പരാതിയില്‍ മലയാളി എം.എല്‍.എമാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ഉദ്യോഗസ്ഥരും ആരോപണവിധേയരാണ്.നിയമസഭ പ്രതിപക്ഷ ഉപനേതാവും മംഗളൂരു എം.എല്‍.എയുമായ ഉപ്പള സ്വദേശി യു.ടി. ഖാദര്‍, മുന്‍മന്ത്രിയും കോട്ടയം ചിങ്ങവനം സ്വദേശിയുമായ സര്‍വജ്ഞ നഗര്‍ എം.എല്‍.എ കെ.ജെ. ജോര്‍ജ്, ശാന്തി നഗര്‍ എം.എല്‍.എ എന്‍.എ. ഹാരിസ്, എം.എല്‍.എമാരായ കൃഷ്ണ ബൈരെഗൗഡ, സമീര്‍ അഹ്മദ് ഖാന്‍, എം.ബി. പാട്ടീല്‍, ദിനേശ് ഗുണ്ടുറാവു, കൃഷ്ണപ്പ, ഒമ്ബത് മുതിര്‍ന്ന ഐ.എ.എസ്, അഞ്ച് മുതിര്‍ന്ന കെ.എ.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 21 ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്.
സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2013-18 കാലത്ത് ഡി.എല്‍.എഫിന് പദനപാളയ, വര്‍തൂര്‍, നരസിപുര ഗംഗനഹള്ളി മേഖലയിലെ ഭൂമി കൈമാറി എന്നാണ് പരാതി.