Thursday, December 5, 2024

HomeNewsIndiaനവീന്‍റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറി

നവീന്‍റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറി

spot_img
spot_img

ബംഗളൂരു: യുക്രെയ്നിലെ യുദ്ധഭൂമിയില്‍ റഷ്യന്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക ഹാവേരി സ്വദേശിയും മെഡിക്കല്‍ വിദ്യാര്‍ഥിയുമായ നവീന്‍ ശേഖരപ്പ ഗ്യാനഗൗഡറിന്‍റെ (21) മൃതദേഹം നാട്ടിലെത്തിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ബംഗളൂരു വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, നവീന്‍റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

പിന്നീട് അന്ത്യകര്‍മങ്ങള്‍ക്കായി ജന്മനാടായ ചലഗരെയിലേക്ക് കൊണ്ടുപോയി. ഉച്ച വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. മുഖ്യമന്ത്രിയടക്കം നൂറുകണക്കിന് പേര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. ശേഷം കുടുംബത്തിന്‍റെ ആഗ്രഹപ്രകാരം മൃതദേഹം ദാവന്‍കരെ എസ്.എസ് മെഡിക്കല്‍ കോളജിന് കൈമാറി. യുക്രെയ്നില്‍നിന്ന് മടങ്ങിയെത്തിയ നിരവധി വിദ്യാര്‍ഥികളും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി.

റഷ്യന്‍ സേന യുക്രെയ്നിലെ ഖാര്‍കിവില്‍ മാര്‍ച്ച്‌ ഒന്നിന് നടത്തിയ ആക്രമണത്തിലാണ് ഖാര്‍കിവ് നാഷനല്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ നവീന്‍ കൊല്ലപ്പെട്ടത്. യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെട്ട ഏക ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് നവീന്‍.

ആക്രമണമാരംഭിച്ചപ്പോള്‍ ബങ്കറില്‍ കഴിഞ്ഞിരുന്ന നവീന്‍ പിന്നീട് പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് ഷെല്ലാക്രമണത്തില്‍ പെട്ടത്. നന്നായി പഠിച്ച്‌ മെഡിക്കല്‍ രംഗത്ത് നേട്ടമുണ്ടാക്കാനാണ് തന്‍റെ മകന്‍ ആഗ്രഹിച്ചതെന്നും അതുകൊണ്ടാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി മൃതദേഹം വിട്ടുനല്‍കാന്‍ തീരുമാനിച്ചതെന്നും നവീന്‍റെ പിതാവ് ശേഖരപ്പ ഗ്യാനഗൗഡര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments