ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡന നിയമപ്രകാരം ഒരു സ്ത്രീക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹൈകോടതി .
വിചാരണ കോടതിയുടെ ഉത്തരവിനെ ന്യായീകരിച്ചാണ് ഡെല്‍ഹി ഹൈകോടതിയുടെ പരാമര്‍ശം. അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ സമര്‍പിച്ച ഹര്‍ജി ജസ്റ്റിസ് ചന്ദ്രധാരി സിംഗ് തള്ളി.
ആദ്യം മരുമകളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നുവെങ്കിലും, പിന്നീട് അത് വഷളാകാന്‍ തുടങ്ങിയെന്ന് ഹര്‍ജിയില്‍ പറയുന്നു. 2011 സെപ്തംബര്‍ 16 ന് യുവതി ഭര്‍തൃവീട് വിട്ടു. ഇരുകക്ഷികളും തമ്മില്‍ അറുപതിലധികം സിവില്‍, ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. ഈ കേസുകളില്‍ ഒന്ന്, ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമപ്രകാരമാണ്,
നടപടിക്രമങ്ങള്‍ക്കിടയില്‍ യുവതി ഭര്‍തൃവീട്ടില്‍ താമസിക്കാനുള്ള അവകാശം ആവശ്യപ്പെട്ടു. യുവതിയുടെ ഹര്‍ജി സ്വീകരിച്ച മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്, പ്രസ്തുത വസ്തുവിന്റെ ഒന്നാം നിലയില്‍ താമസിക്കുന്നതിന് യുവതിക്ക് അവകാശമുണ്ടെന്ന് വിധിച്ചു. ഈ വിധിയാണ് ഹൈകോടതി ശരിവെച്ചത്.