ബംഗളൂരു: കര്‍ണാടകയില്‍ ബി ജെ പി സര്‍ക്കാരിന് അടുത്ത തിരഞ്ഞെടുപ്പില്‍ കരുത്തുപകരാന്‍ 16,000 കോടിയുടെ പദ്ധതികളുമായി പ്രദാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെത്തി.
തിരഞ്ഞെടുപ്പ് അടുക്കുന്ന കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ ആറാമത്തെ സന്ദര്‍ശനമാണിത്. മാണ്ഡ്യ, ഹുബ്ബള്ളി-ധാര്‍വാഡ് ജില്ലകളിലായി 16,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. എന്‍എച്ച്-275-ന്റെ ബെംഗളൂരു-നിദാഘട്ട-മൈസൂര്‍ സെക്ഷന്റെ ആറുവരി പദ്ധതിയായ ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി ഏകദേശം 8,480 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം ഏകദേശം മൂന്ന് മണിക്കൂറില്‍ നിന്ന് 75 മിനിറ്റായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. മാണ്ഡ്യയില്‍ എത്തിയ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയാണ് തറക്കല്ലിടാന്‍ പോയത്.
പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ നരേന്ദ്ര മോദി രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് അവരുടെ ശവക്കുഴി കുഴിക്കുന്ന തിരക്കിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശവക്കുഴി തോണ്ടുന്ന തിരക്കിലാണ് കോണ്‍ഗ്രസ്, എന്നാല്‍ ബംഗളൂരു-മൈസൂര്‍ ഹൈവേ പണിയുന്ന , പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള തിരക്കിലാണ് മോദി. എന്റെ ശവകുടീരം കോണ്‍ഗ്രസ് സ്വപ്നം കാണുന്നു. എന്നാല്‍ അമ്മമാരുടെയും സഹോദരിമാരുടെയും രാജ്യത്തെ ജനങ്ങളുടെയും അനുഗ്രഹം എനിക്ക് സംരക്ഷണ കവചമാണെന്ന് കോണ്‍ഗ്രസിന് അറിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.