ഭോപാല്‍: കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ ഏഴു വയസുകാരന്‍ മരിച്ചു. കൂലിപണിക്കാരനായ ദിനേഷ് അഹിര്‍വാറിന്റെ മകന്‍ ലോകേഷ് അഹിര്‍വാര്‍ ആണ് മരിച്ചത്. 24 മണിക്കൂറിനുശേഷം പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ചയാണ് അപകടം നടന്നത്
50 അടിയോളം കുഴിയെടുത്താണ് രക്ഷാസംഘം കുഴല്‍ക്കിണറിനുള്ളില്‍ എത്തിയത്. 43 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്. ഈ തുരങ്കത്തിലൂടെ കുട്ടിയെ പുറത്തെടുത്തു. കുട്ടിയെ പുറത്തെടുത്ത സംഘം ഉടന്‍ ലെത്തേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മധ്യപ്രദേശ് എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ സംഭവസ്ഥലത്ത് എത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു. പൈപ്പിലൂടെ കുഞ്ഞിന് ഓക്സിജന്‍ നല്‍കുകയും ക്യാമറ വഴി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് ദുഃഖം രേഖപ്പെടുത്തുകയും കുട്ടിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.