ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പൊലീസ് നോട്ടീസ് നല്‍കിയത് പ്രതികാര നടപടിയെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ് വി.
വിശദാംശങ്ങള്‍ തേടി രണ്ട് ദിവസത്തിനിടെ മൂന്ന് തവണയാണ് പൊലീസ് എത്തിയതെന്നും സിങ്വി വ്യക്തമാക്കി.
10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതാണ്. ഇതിനിടയില്‍ പൊലീസ് വീണ്ടും വന്നത് വിവാദം സൃഷ്ടിക്കാനാണ്. പൊലീസിന്‍റെ ഉദ്ദേശ്യശുദ്ധി നല്ലതല്ല. ഭയപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നും അഭിഷേക് സിങ് വി മാധ്യമങ്ങളോട് പറഞ്ഞു.
അദാനിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ മോദിക്ക് എത്രമാത്രം വേദനിക്കുമെന്നതിന്‍റെ തെളിവാണ് രാഹുല്‍ ഗാന്ധിയുടെ വസതിയിലെ പൊലീസ് നടപടിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് രാഹുല്‍ ഉയര്‍ത്തിയത്. അദാനിയെ സഹായിക്കാന്‍ വേണ്ടി പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും ഇടപെട്ടതിന്‍റെ യഥാര്‍ഥ വിവരങ്ങള്‍ പാര്‍ലമെന്‍റില്‍ പ്രസംഗിച്ചുവെന്നതാണ് രാഹുല്‍ ഗാന്ധി ചെയ്ത തെറ്റെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉത്തരം പറയണം. ഉത്തരം പറയുന്നതിന് പകരം രാഹുല്‍ ഗാന്ധിയെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. ഡല്‍ഹി പൊലീസ് രണ്ടു തവണ രാഹുലിനെ സമീപിച്ചതിന്‍റെ ഉദ്ദേശ്യം എന്താണ്? ഇതാണ് നമ്മുടെ രാജ്യത്തെ പരമമായ ഏകാധിപത്യമെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ, രാഹുല്‍ ഗാന്ധിയുടെ വസതിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. വസതിക്ക് മുമ്ബില്‍ തടിച്ചു കൂടിയ പ്രവര്‍ത്തകര്‍ പൊലീസിനും മോദിക്കും കേന്ദ്ര സര്‍ക്കാറിനും എതിരെ മുദ്രാവാക്യം വിളിച്ചു. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഭാരത് ജോഡോ യാത്രയില്‍ നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയത്. സ്പെഷ്യല്‍ കമീഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വസതിയിലെത്തിയത്.
കൂട്ടബലാത്സംഗത്തിനിരയായെന്ന് ചില സ്ത്രീകള്‍ തന്നോട് വെളിപ്പെടുത്തിയെന്നാണ് ഭാരത് ജോഡോ യാത്രക്കിടയില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ വിവരങ്ങള്‍ തേടി ഡല്‍ഹി പൊലീസ് മാര്‍ച്ച് 16ന് രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു. വിശദമായ ചോദ്യാവലിയും കൈമാറിയിട്ടുണ്ട്.
10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്നാണ് രാഹുല്‍ ഗാന്ധി പൊലീസിനെ അറിയിച്ചിരുന്നത്. മറുപടി നല്‍കാന്‍ ഇനിയും ദിവസങ്ങള്‍ ഉണ്ടായിരിക്കെയാണ് വിവരം തേടി ഡല്‍ഹി പൊലീസ് വീണ്ടും രാഹുലിന്‍റെ വസതിയിലെത്തിയത്