ലോക്സഭാംഗത്വം തിരികെ ലഭിക്കാന്‍ ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍. തിങ്കളാഴ്ച കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും എന്ന് ഫൈസല്‍ പറഞ്ഞു.
ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെടാന്‍ കാരണമായ കീഴ്ക്കോടതി വിധി കേരള ഹൈക്കോടതി റദ്ദാക്കി 2 മാസമായിട്ടും ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അംഗത്വം പുനഃസ്ഥാപിച്ചിട്ടില്ല. ഇതിനെതിരാണ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടി കോടതിയലക്ഷ്യമെന്ന് ഫൈസല്‍ പറഞ്ഞു. അംഗത്വം പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനം വൈകുന്നത് രാഷ്ട്രീയ കാരണങ്ങളാല്‍ ആണ് എന്നും അദ്ദേഹം ആരോപിച്ചു. വധശ്രമക്കേസില്‍ പത്ത് വര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യന്‍ ആക്കുന്നത്. ജനുവരി 11ന് ആണ് കവരത്തി കോടതിയുടെ വിധിയുണ്ടായത്.
പിന്നാലെ ഫൈസലിനെ ഹെലികോപ്റ്ററില്‍ കണ്ണൂരിലേക്ക് എത്തിച്ച് ജയിലിലാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കവരത്തി കോടതിയുടെ വിധി ജനുവരി 25നു ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി വിധി വന്നതോടെ തിരഞ്ഞെടുപ്പു നടപടികള്‍ നിര്‍ത്തിവച്ചു. ഈ സാഹചര്യത്തില്‍ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ഫൈസല്‍ ലോക്സഭാ സെക്രട്ടേറിയറ്റിന് കത്ത് നല്‍കി. എന്നാല്‍ അയോഗ്യത പിന്‍വലിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഇതുവരെ ഉത്തരവിറക്കിയില്ല. കോടതിവിധിപ്രകാരമുള്ള അയോഗ്യത ഉത്തരവ് റദ്ദാകുന്നതോടെ ഇല്ലാതാകുമെങ്കിലും സ്പീക്കറുടെ എക്സിക്യൂട്ടീവ് ഉത്തരവാണ് ഫൈസലിന് തടസമായുള്ളത്.
അതേസമയം, ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്