ഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു. നഗരത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.70 ശതമാനമായി ഉയര്‍ന്നു. രണ്ട് മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ആണിത്.
നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
ഗാസിയാബാദിലെ സ്വകാര്യ സ്‌കൂളില്‍ ഏകദേശം 10 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥികളില്‍ സ്ഥിരീകരിക്കുന്നത് XE വകഭേദം ആണോ എന്നത് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ എന്ന് ഗാസിയബാദ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈനായി നടത്തണമോ എന്നതിലും തീരുമാനമുണ്ടാകും.
137ഓളം പുതിയ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ പുതുതായി സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത് മുന്‍പുണ്ടായിരുന്ന കേസുകളുടെ മൂന്നിരട്ടി വര്‍ധനവാണ്. 600ഓളം ആക്ടീവ് കേസുകളാണ് ഡല്‍ഹിയില്‍ നിലവിലുള്ളത്.