ന്യൂ ഡൽഹി : 2021ല്‍ ഇന്ത്യയുടെ സൈനിക ചെലവ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെതായിരുന്നെന്ന് റിപ്പോര്‍ട്ട് .
സ്റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. ഇന്ത്യയുടെ സൈനിക ചെലവ് 2021- ല്‍ 76.6 ബില്യണ്‍ ഡോളറായിരുന്നു. ഇത് 2020 – ല്‍ നിന്ന് 0.9 ശതമാനവും 2012 – ല്‍ നിന്ന് 33 ശതമാനവും വര്‍ദ്ധിച്ചാണ് 2021ല്‍ 76.6 ബില്യണ്‍ ഡോളറിലേക്ക് എത്തിയത്.
തദ്ദേശീയ ആയുധ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തില്‍, 2021-ലെ ഇന്ത്യയുടെ സൈനിക ബജറ്റിലെ മൂലധന ചെലവിന്റെ 64 ശതമാനവും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ആയുധങ്ങള്‍ ഏറ്റെടുക്കുന്നതിനാണ് നീക്കിവച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനിക ചെലവ് കൂടുതല്‍ വഹിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ യു എസ്, ചൈന എന്നിവയ്ക്ക് പിന്നാലെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
യു എസ് സൈനിക ചെലവ് 2021 ല്‍ 801 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2020 ല്‍ നിന്ന് 1.4 ശതമാനം ഇടിവാണ് യു എസില്‍ രേഖപ്പെടുത്തിയത്. മറുവശത്ത്, ചൈന പ്രതിരോധത്തിനായി 293 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു, 2020 നെ അപേക്ഷിച്ച് 4.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
അതേസമയം, ലോക സൈനികച്ചെലവ് 2021 – ല്‍ 2.1 ട്രില്യണ്‍ ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. സ്റ്റാക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക് പ്രകാരമാണിത് .
മൊത്തം ആഗോള സൈനികച്ചെലവ് 2021ല്‍ 0.7 ശതമാനം വര്‍ദ്ധിച്ച് 2113 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2021ലെ ഏറ്റവും വലിയ സൈനിക ശക്തികള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ചൈന, ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, റഷ്യ എന്നിവയാണ്, ഇവയെല്ലാം ചേര്‍ന്ന് ആകെ ചെലവിന്റെ 62 ശതമാനം വരും. കോവിഡ് -19 പാന്‍ഡെമിക്കിന്റെ സാമ്ബത്തിക തകര്‍ച്ചയ്ക്കിടയിലും, ലോക സൈനിക ചെലവ് റെക്കോര്‍ഡ് തലത്തിലെത്തി എന്നതാണ് മറ്റൊരു പ്രത്യേകത.
കൂടാതെ പണപ്പെരുപ്പം മൂലം യഥാര്‍ത്ഥ വളര്‍ച്ചാ നിരക്കില്‍ മാന്ദ്യം ഉണ്ടായിരുന്നു. നാമമാത്രമായ രീതിയില്‍, സൈനിക ചെലവ് 6.1 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.