മദ്യപിച്ചെത്തിയ വരന്‍ കൃത്യസമയത്ത് വിവാഹ വേദിയിലെത്താത്തതിനാല്‍ വധുവിന്റെ പിതാവ് മകളെ ബന്ധുവിന് വിവാഹം കഴിച്ചു കൊടുത്തു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ മല്‍കാപൂര്‍ പാന്‍ഗ്ര ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വൈകിട്ട് 4 മണിക്ക് വിവാഹ ചടങ്ങിന് സമയം നിശ്ചയിച്ചിരുന്നെങ്കിലും വരന്‍ എത്താന്‍ വൈകിയതോടെയാണ് വധുവിനെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ച് കൊടുത്തത്.
ഏപ്രില്‍ 22നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വധുവും കുടുംബവും വരന്‍ എത്താന്‍ കാത്തുനിന്നെങ്കിലും രാത്രി എട്ട് മണിയായിട്ടും അയാള്‍ മണ്ഡപത്തില്‍ എത്തിയില്ല. വരനും സുഹൃത്തുക്കളും നൃത്തവും മദ്യപാനവും തുടര്‍ന്നുവെന്നാണ് സൂചന. വരന്‍ മണ്ഡപത്തില്‍ എത്തിയപ്പോള്‍ വധുവിന്റെ പിതാവ് മകളെ വിവാഹം കഴിപ്പിച്ചു നല്‍കാന്‍ വിസമ്മതിച്ചു.
‘വരനും സുഹൃത്തുക്കളും മദ്യപിച്ച് 4 മണിക്ക് പകരം രാത്രി 8 മണിക്ക് മണ്ഡപത്തില്‍ വന്ന് വഴക്കുണ്ടാക്കി. ഞങ്ങള്‍ മകളെ ഞങ്ങളുടെ ബന്ധുക്കളില്‍ ഒരാളുമായി വിവാഹം കഴിച്ചുകൊടുത്തു’ വധുവിന്റെ അമ്മ പറഞ്ഞു.
വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിനാല്‍ വധുവിന്റെ പിതാവ് വിവാഹത്തിനെത്തിയ ഒരു ബന്ധുവിനെ കണ്ട് സംസാരിക്കുകയും തുടര്‍ന്ന് വിവാഹം നടത്തുകയുമായിരുന്നു.
വിവാഹം മുടങ്ങിയതിന് അടുത്ത ദിവസം തന്നെ വരനും മറ്റൊരാളെ വിവാഹം ചെയ്തു.