ബെംഗളൂരു: കൊലക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതിക്ക് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 15 ദിവസത്തെ പരോള്‍ അനുവദിച്ച് കര്‍ണാടക ഹൈക്കോടതി.
പ്രതിയുടെ കാമുകിയും അമ്മയും നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. പരോള്‍ നല്കാന് പ്രൊവിഷന്‍ ഇല്ലെന്ന് പ്രോസിക്യൂഷന് അറിയിച്ചെങ്കിലും പ്രത്യേക കേസായി പരിഗണിച്ചായിരുന്നു കോടതിയുടെ വിധി. ഏപ്രില്‍ 5 മുതല്‍ ഏപ്രില്‍ 20 വരെയാണ് പരോള്‍ പരോള്‍ അനുവദിച്ചിരിക്കുന്നത്. കുറ്റവാളിയെ ജയിലില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു കോടതി പറഞ്ഞു.
ശിക്ഷിക്കപ്പെട്ട ആനന്ദും 30കാരിയായ നീതയും കഴിഞ്ഞ ഒമ്ബത് വര്‍ഷമായി പ്രണയത്തിലാണ്. ആനന്ദിനെ കൊലക്കേസില്‍ ആദ്യം ജീവപര്യന്തം ശിക്ഷിക്കപ്പെടുകയും പിന്നീട് പത്ത് വര്‍ഷമായി ശിക്ഷ കുറയ്ക്കുകയും ചെയ്തിരുന്നു. നിലവില്‍ ആറ് വര്‍ഷത്തെ ശിക്ഷ ആനന്ദ് പൂര്‍ത്തിയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാമുകിയും ആനന്ദിന്റെ അമ്മയും ജയില്‍ അധികൃതരെ സമീപിക്കുന്നത്. എന്നാല്‍ വിവാഹം കഴിക്കാന്‍ പരോള്‍ നല്കാന് സാധിക്കില്ലെന്ന് ജയില്‍ അധികൃതര്‍ നിലപാടെടുത്തതോടെ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതിയില്‍ കേസ് പരിഗണിച്ചപ്പോഴും പ്രോസിക്യൂഷന് പരോള്‍ നല്‍കുന്നതിനെ എതിര്‍ത്തു. എന്നാല്‍ തനിക്ക് പ്രായമായെന്നും, മക്കള്‍ രണ്ടുപേരും ജയിലിലാണെന്നും കൂട്ടിന് ആരുമില്ലെന്നും നീതയുമായുള്ള ആനന്ദിന്റെ വിവാഹം കഴിഞ്ഞാല്‍ തനിക്കൊരു കൂട്ടാകുമെന്നും അമ്മ വാദിച്ചു. തനിക്ക് മറ്റൊരു വിവാഹം വീട്ടില്‍ ആലോചിക്കുന്നുണ്ടെന്നും ഇനിയും വൈകിയാല്‍ തനിക്ക് ഇഷ്ടമല്ലാത്ത ഒരാളെ വിവാഹം ചെയ്യേണ്ടി വരുമെന്ന് കാമുകിയും കോടതിയില്‍ അറിയിച്ചു. ഇത് പരിഗണിച്ച കോടതി നേരത്തെയുള്ള ചില ഹൈക്കോടതി വിധികള്‍ കൂടി പരിഗണിച്ചാണ് പരോള്‍ അനുവദിച്ചത്.
2021-ലെ രാജസ്ഥാന് ഹൈക്കോടതിയുടെ വിധിയില്‍ 10 വര്‍ഷം തടവ് അനുഭവിച്ച പ്രതിക്ക് വിവാഹിതനാകാന്‍ പരോള്‍ അനുവദിച്ചിരുന്നു. സമാനമായ 2017-ലെ ബോംബെ ഹൈക്കോടതി വിധിയും കര്‍ണാടക ഹൈക്കോടതി കോര്‍ഡിനേറ്റ് ബെഞ്ചിന്റെ നിരീക്ഷണങ്ങളും അടിസ്ഥാനമാക്കിയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.