ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍.
ഇന്ന് ആരോഗ്യ മന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ആണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നിര്‍ദേശം. ജാഗ്രത പാലിക്കാനും കൊവിഡ് മാനേജ്‌മെന്റിന് തയ്യാറാകാനും സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.
സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായും പ്രിന്‍സിപ്പല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുമായും ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങളും ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി അണുബാധ കേസുകളും നിരീക്ഷിച്ച് അടിയന്തര ഹോട്ട്സ്പോട്ടുകള്‍ തിരിച്ചറിയണം യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. സംസ്ഥാനങ്ങള്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം.
കൊവിഡ് പ്രതിരോധത്തിന് മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരേണ്ടതുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു. ഏപ്രില്‍ 10, 11 തീയതികളില്‍ എല്ലാ ആശുപത്രി അടിസ്ഥാന സൗകര്യങ്ങളുടെയും മോക്ക് ഡ്രില്ലുകള്‍ നടത്തണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.