ന്യൂഡല്‍ഹി: ബി.ജെ.പി ഇന്ത്യയെ മാഫിയ റിപ്പബ്ലിക്കാക്കി മാറ്റിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ മഹുവ മൊയ്ത്ര. പോലീസ് കസ്റ്റഡിയിലായിരുന്ന രണ്ടു പേര്‍ അസംഖ്യം പോലീസുകാര്‍ക്കും ക്യാമറകള്‍ക്കും നടുവില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ഇത് നിയമവ്യവസ്ഥയുടെ മരണമാണ്. മഹുവ മൊയ്ത്ര ട്വിറ്ററില്‍ കുറിച്ചു. പുല്‍വാമ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍മാലിക് നടത്തിയ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും മഹുവ ആരോപിച്ചു.
പുല്‍വാമ സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ചപറ്റിയെന്നും മോദിക്കൊപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നുമായിരുന്നു ‘ദ വയറി’ന് നല്‍കിയ അഭിമുഖത്തില്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണം. പുല്‍വാമ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാന്‍ സി.ആര്‍.പി.എഫ്. എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍വെച്ച് പുല്‍വാമ ഭീകരാക്രമണത്തിലെ വീഴ്ചകള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചപ്പോള്‍ ആരോടും പറയരുതെന്ന് നരേന്ദ്ര മോദി പറഞ്ഞെന്നും സത്യപാല്‍ മാലിക്ക് അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അജയ് ബിഷ്ട് എന്ന യഥാര്‍ഥ പേര് പരാമര്‍ശിച്ച മഹുവ മൊയ്ത്ര യോഗിയും യു.പി പോലീസും ചേര്‍ന്ന് മേല്‍വിലാസമില്ലാത്ത മൂന്നുപേരെ കുറ്റവാളികളാക്കിയിരിക്കുകയാണെന്നും ആരോപിച്ചു.