സൂറത്ത് : മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിന്‍മാറി.
ജസ്റ്റിസ് ഗീതാ ഗോപിയാണ് പിന്‍മാറിയത്. കേസ് മറ്റൊരു ബഞ്ചിന് കൈമാറുന്നതിന് ചീഫ് ജസ്റ്റിസിന് വിടാന്‍ അവര്‍ കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
എല്ലാ കള്ളന്മാര്‍ക്കും മോദി എന്നാണ് പേര് എന്ന വിവാദ പരാമര്‍ശത്തില്‍ എടുത്ത കേസില്‍ മാര്‍ച്ച് 23നാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കുകയും ചെയ്തു.
ഇതിനെ ചോദ്യം ചെയ്ത് ഏപ്രില്‍ മൂന്നിന് രാഹുല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഈ ഹരജി ഏപ്രില്‍ 20ന് കോടതി തള്ളി. ഇതിനെതിരെയാണ് ഇന്നലെ രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.