ന്യൂഡല്‍ഹി: അലോപതിക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും ബാബാ രാംദേവ് നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഐഎംഎയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹായി ആചാര്യ ബാലകൃഷ്ണ. ഇന്ത്യയിലെ ജനങ്ങളെ ക്രിസ്ത്യാനികളാക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന വിവാദമെന്നാണ് ബാലകൃഷ്ണ പറയുന്നത്.
ബാബാ രാംദേവിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഐ.എം.എ പ്രസിഡന്റിനും ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഇന്ത്യയെ മുഴുവന്‍ ക്രിസ്തുമതവിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന ഗൂഢാലോചനയുടെ ഭാഗമായി യോഗി രാംദേവിനെ ലക്ഷ്യമിട്ടുകൊണ്ട് യോഗയെയും ആയുര്‍വേദത്തെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഗാഢമായ ഉറക്കത്തില്‍ നിന്ന് ജനങ്ങള്‍ ഉണരണം. ഇല്ലെങ്കില്‍ ഭാവി തലമുറ നിങ്ങളോട് ക്ഷമിക്കില്ല…” ബാലകൃഷ്ണ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം രാംദേവിനെതിരെ മാനനഷ്ട നോട്ടീസ് അയച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ). ആയിരം കോടി രൂപയുടെ മാനനഷ്ട നോട്ടീസാണ് ഐ.എം.എ ബാബാ രാംദേവിന് അയച്ചിരിക്കുന്നത്. പതിനഞ്ച് ദിവസത്തിനകം മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ ആയിരം കോടി രൂപ മാനനഷ്ടമായി നല്‍കണമെന്നുമാണ് നോട്ടീസ്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉത്തരാഖണ്ഡ് ഘടകം സെക്രട്ടറി അജയ് ഖന്നയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ വക്കീല്‍ നീരജ് പാണ്ഡെ അയച്ചിരിക്കുന്ന ആറ് പേജ് നോട്ടീസില്‍ രണ്ടായിരത്തോളം വരുന്ന അലോപ്പതി ഡോക്ടര്‍മാരെ അപമാനിച്ചുവെന്നും അലോപ്പതിയെ തെറ്റായി ചിത്രീകരിച്ചുമെന്നുമാണ് ആരോപണം.
പ്രസ്താവന പിന്‍വലിക്കുന്നതായി 15 ദിവസത്തിനുള്ളില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയും രേഖാമൂലം ഖേദപ്രകടനം നടത്തുകയും ചെയ്യണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499ാം വകുപ്പ് പ്രകാരം യോഗ ഗുരുവിന്റെ പരാമര്‍ശം ക്രിമിനല്‍ നടപടിയാണെന്ന് നോട്ടീസില്‍ ചൂണ്ടികാട്ടുന്നു. ഐ.എം.എയിലെ ഓരോ അംഗത്തിനും 50 ലക്ഷം രൂപ നിരക്കിലാണ് ഇത്രയും തുക ആവശ്യപ്പെട്ടിരിക്കുന്നത്.
ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഡിലീറ്റ് ചെയ്യണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്. രാംദേവിന് 1000 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഐ.എം.എ ഒരു വാട്സാപ് സന്ദേശം രാംദേവ് വായിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായതെന്നും ഐ.എം.എ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും പതഞ്ജലി യോഗപീഠ് പ്രതികരിച്ചു.
അലോപ്പതി മരുന്നു കഴിച്ച് ലക്ഷങ്ങള്‍ മരിച്ചുവെന്ന് രാംദേവ് പറയുന്നതിന്റെ വിഡിയോ പുറത്തുവന്നതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.