കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകവെ ലക്ഷദ്വീപില്‍ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും ഷെഡുകളും നശിപ്പിച്ചു. തീരസംരക്ഷണ നിയമത്തിന്റെ പേരിലാണ്് ഭരണകൂടത്തിന്റെ ചെയ്തി.
കൊവിഡിന്റെ പേരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് കൊവിഡിന്റെ പേരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് ജനങ്ങളെ വീട്ടിലടച്ച ശേഷമായിരുന്നു അതിക്രമം.അതിനാല്‍ ഒന്നു പ്രതികരിക്കാന്‍ പോലും സാധാരണ മത്സ്യത്തൊഴിലാളികള്‍ക്കായില്ല. ഏപ്രില്‍ 28നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലക്ഷദ്വീപിലെ കവരത്തിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. തീരമേഖലയിലെപോലീസിന്റേയും ദ്വീപ് അഡ്മിനിസ്ട്രേഷന് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു പൊളിക്കല്‍.
വീടുകളില്‍നിന്ന് പുറത്തിറങ്ങിയ ചിലര്‍ കണ്ട കാഴ്ച നെഞ്ച് പിളര്‍ക്കുന്നതായിരുന്നു. ബോട്ടുകള്‍ കയറ്റിയിരുന്ന ഷെഡുകളെല്ലാം പൊളിച്ചതോടെ പലര്‍ക്കും കടലിലേക്ക് ബോട്ടുകള്‍ ഇറക്കേണ്ടിവന്നു. പിന്നാലെയാണ് ടൗട്ടെ ചുഴലിക്കാറ്റ് ദ്വീപിനെ വിഴുങ്ങിയത്.
ദ്വീപിലെ നെറ്റ്വര്‍ക്ക് പ്രശ്നങ്ങളും മാധ്യമങ്ങളുടെ കുറവുമെല്ലാം കാരണം ദിവസങ്ങള്‍ക്ക് ശേഷമാണ് ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്. അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരുന്നുണ്ട്.
ദ്വീപ് നിവാസികളുടെ സൈര്യജീവിതത്തെ തകര്‍ക്കുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്നും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ അധികാരസ്ഥാനത്ത് നിന്ന് പിന്‍വലിക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്. ലക്ഷദ്വീപ് ജനതയുടെ ശബ്ദത്തിനെ പിന്താങ്ങി കൂടുതല്‍ താരങ്ങള്‍ രംഗത്തെത്തുകയാണ്.
പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, വീണ നായര്‍ എന്നിവരെ കൂടാതെ, സണ്ണി വെയ്ന്‍, ആന്റണി വര്‍ഗീസ്, രജിഷ വിജയന്, അന്‍സിബ ഹസന് എന്നിവരും സാഹിത്യകാരന് ബെന്യാമിനും ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്‍സ്റ്റഗ്രം സ്റ്റോറിയില്‍ പങ്കുവച്ച് ടൊവിനോ തോമസും ലക്ഷദ്വീപ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് വിശദമാക്കി.
മനോഹരമായ ഈ ദ്വീപിന് നമ്മുടെ സഹായം വേണമെന്നും അടിയന്തരമായി ഇത് പരിഗണിക്കണമെന്നും രജിഷ വിജയന് ഫേസ്ബുക്കില്‍ പറഞ്ഞു. നിരപരാധികളായ ജനങ്ങളുള്ള ലക്ഷദ്വീപിനെ പിന്തുണക്കൂവെന്ന് അന്‍സിബ ഹസന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.