ന്യൂഡല്‍ഹി: വാക്സിനേഷന്‍ എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി. കോവിഡ് വാക്സിന്‍ പോളിസിയെക്കുറിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച നിര്‍ണായക വിധിന്യായത്തിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
നിയമപ്രകരം ശരീരത്തിന്റെ അവകാശം സംരക്ഷിക്കപ്പെടേണ്ടതിനാല്‍ വാക്സിനേഷന്‍ ചെയ്യാന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ സമൂഹത്തിന്റെ ആരോഗ്യം മുന്‍നിര്‍ത്തി വ്യക്തികളുടെ അവകാശങ്ങളില്‍ ചില പരിമിതികള്‍ ഏര്‍പ്പെടുത്തണമന്നും കോടതി പറഞ്ഞു.
നിലവിലെ വാക്‌സിന്‍ നയം യുക്തിരഹിതമാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാ അധികാരികളും സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പൊതുതാത്പര്യം കണക്കിലെടുത്ത് വാക്സിന്‍ എടുക്കാത്തവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് ഏകപക്ഷീയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലെ വാക്‌സിന്‍ നയം യുക്തി രഹിതമാണെന്ന് പറയാന്‍ കഴിയില്ലെന്നും വാക്സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.
വ്യക്തികളുടെ സ്വകാര്യതക്ക് വിധേയമായി വാക്സിന്‍ ട്രയല്‍ ഡാറ്റ വേര്‍തിരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനകം നടത്തിയിട്ടുള്ളതും തുടര്‍ന്ന് നടത്തേണ്ടതുമായ എല്ലാ ഡാറ്റയും കൂടുതല്‍ കാലതാമസം കൂടാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
വാക്സിനുകള്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ജഡ്ജിമാരായ എല്‍.എന്‍ റാവു, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിധി പുറപ്പെടുവിച്ചത്