ന്യൂഡെല്‍ഹി: വിമാനം പുറപ്പെടുന്നതിനു മുന്‍പുള്ള മദ്യ പരിശോധനയില്‍ പരാജയപ്പെട്ട 9 പൈലറ്റുമാര്‍ക്കും 32 കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും സസ്‌പെന്‍ഷന്‍.
ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ആണ് മദ്യപിച്ച ജീവനക്കാരുടെ വിവരം പുറത്തുവിട്ടത് . ജനുവരി ഒന്നിനും ഏപ്രില്‍ 30നും ഇടയില്‍ ഒമ്ബത് പൈലറ്റുമാരും 32 കാബിന്‍ ക്രൂ അംഗങ്ങളുമാണ് പരിശോധനയില്‍ ‘പോസിറ്റീവ്’ ആയതെന്നും ഡിജിസിഎ വ്യക്തമാക്കി.
രണ്ടു വട്ടം നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആയ രണ്ട് പൈലറ്റുമാരെയും രണ്ടു കാബിന്‍ ക്രൂ അംഗങ്ങളെയും മൂന്നു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായും ഡിജിസിഎ അറിയിച്ചു. ബ്രെത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ആദ്യമായി പോസിറ്റീവ് ആയ ബാക്കി ഏഴ് പൈലറ്റുമാരെയും 30 കാബിന്‍ ക്രൂ അംഗങ്ങളെയും മൂന്നു മാസത്തേക്കും സസ്‌പെന്‍ഡ് ചെയ്തു.
കോക്പിറ്റിലെയും കാബിന്‍ ക്രൂവിലെയും 50 ശതമാനം ജീവനക്കാരെ ദിവസവും ഇത്തരത്തില്‍ മദ്യ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഡിജിസിഎ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കോവിഡ് മഹാമാരിക്കു മുന്‍പ് എല്ലാ ക്രൂ അംഗങ്ങളും പരിശോധനയ്ക്കു വിധേയമായിരുന്നു.