ഇംഫാല്‍ : ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ അക്രമികളെ കണ്ടാല്‍ ഉടന്‍ വെടിവെക്കാന്‍ ഉത്തരവ്.
മണിപ്പൂര്‍ ഗവര്‍ണറാണ് ഷൂട്ട് അറ്റ് സൈറ്റിന് അനുമതി നല്‍കിയത്. സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. 1973ലെ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് അനുസരിച്ച് പുറത്തിറക്കിയ ഉത്തരവില്‍ ആഭ്യന്തര വകുപ്പ് കമ്മീഷണറാണ് ഒപ്പുവെച്ചിരിക്കുന്നത്.
സംഘര്‍ഷം നിയന്ത്രിക്കാന്‍ അസം റൈഫിള്‍സിന്റെയും സൈന്യത്തിന്റെയും അഞ്ച് കോളങ്ങളെ മണിപ്പൂരില്‍ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതി കൂടുതല്‍ മോശമായാല്‍ വിന്യസിക്കുന്നതിന് 14 കോളങ്ങളെ സജ്ജമാക്കി വെച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കലാപങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റാപിഡ് ആക്ഷന്‍ ഫോഴ്സിനെ കേന്ദ്ര സര്‍ക്കാര്‍ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഒറ്റപ്പെട്ട 9000 ആളുകളെ സൈന്യത്തിന്റെയും അസം റൈഫിള്‍സിന്റെയും താത്കാലിക ക്യാമ്ബുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
നേരത്തെ, അക്രമ ബാധിത പ്രദേശങ്ങളില്‍ 144 സെക്ഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു.