മുംബൈ: ചാരവൃത്തിയാരോപിച്ച് ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ശാസ്ത്രജ്ഞനെ മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്തു.
റിസര്‍ച്ച് ആന്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടറായ പ്രദീപ് കുരുല്‍ക്കര്‍ ബുധനാഴ്ച പൂനെയിലാണ് പിടിയിലായത്. പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഏജന്റിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് മഹാരാഷ്ട്ര എ.ടി.എസ് പറയുന്നത്.
2022 സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ വാട്‌സാപ്പ് വഴിയും വീഡിയോ കോള്‍ വഴിയും ഏജന്റുമായി ശാസ്ത്രജ്ഞന്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തന്ത്രപ്രധാനമായ ഡി.ആര്‍.ഡി.ഒ പദ്ധതികളില്‍ ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എ.ടി.എസ് വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഡി.ആര്‍.ഡി.ഒയില്‍ നിന്ന് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അറസ്റ്റെന്ന് മഹാരാഷ്ട്ര എ.ടി.എസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശാസ്ത്രജ്ഞന്‍ ഹണി ട്രാപ്പിന് ഇരയാവുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുമെന്ന് അറിയാമായിരുന്നിട്ടും തന്റെ സ്ഥാനം ദുരുപയോഗം ചെയ്തെന്ന കണ്ടെത്തലില്‍ ഒഫീഷ്യല്‍ സീക്രട്‌സ് ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ശാസ്ത്രജ്ഞനെതിരെ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ എ.ടി.എസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്ത് വരികയാണ്.