ന്യൂഡല്‍ഹി; വീഡിയോക്കായി 300 കി.മി വേഗത്തില്‍ ബൈക്ക് റൈഡിങ് നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട് യൂട്യൂബര്‍ക്ക് ദാരുണാന്ത്യം.
പ്രശസ്ത ബൈക്ക് റൈഡറും യൂട്യൂബറുമായ അഗസ്ത്യ ചൗഹാന്‍ ആണ് ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടത്. 300 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ സൂപ്പര്‍ ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡിറില്‍ ഇടിക്കുകയായിരുന്നു.
ഡെറാഡൂണ്‍ സ്വദേശിയായ അഗസ്ത്യ ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് അഗസ്ത്യ അപകടത്തില്‍പ്പെട്ടത്. യമുന എക്സ്പ്രസ് വേയിലെ ഡിവൈഡറിലിടിച്ച് ബൈക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അഗസ്ത്യ തെറിച്ചുവീഴുകയും ഹെല്‍മറ്റ് തകരുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഗസ്ത്യ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
അലിഗഡ് ജില്ലയിലെ തപ്പാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു. 25 കാരനായ അഗസ്ത്യക്ക് യൂട്യൂബില്‍ 12 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്.