ബംഗളൂരൂ: പരാമര്‍ശം ഭിന്നിപ്പുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി. പരാതി നല്‍കി കര്‍ണാടകയുടെ സല്‍പ്പേരിനും പരമാധികാരത്തിനും ഭീഷണിയാകാന്‍ ആരെയും കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന സോണിയയുടെ പരാമര്‍ശത്തിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയത്. ശനിയാഴ്ച കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യുന്ന വേളയിലാണ് സോണിയ ഈ അഭിപ്രായം പറഞ്ഞത്.
സോണിയ ഗാന്ധിയുടെ പരാമര്‍ശം ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇത്തരമൊരു പ്രസ്താവന നടത്തിയ സോണിയാഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്.
പരാമര്‍ശം കര്‍ണാടകയിലെ ദേശീയവാദികളെയും സമാധാന കാംക്ഷികളെയും പുരോഗമനവാദികളെയും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ജനങ്ങളെയും പ്രകോപിക്കുമെന്നാണ് പറയുന്നത്. സംസ്ഥാനത്തെ സമാധാനവും ഐക്യവും തകര്‍ക്കുക എന്നതും അങ്ങനെ കര്‍ണാടകയുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കുകയെന്നുമാണ് ലക്ഷ്യമിടുന്നത്.
അതോടൊപ്പം ചില പ്രത്യേക സമുദായങ്ങളുടെ പിന്തുണയുറപ്പിക്കുക കൂടി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ ബി.ജെ.പി പറയുന്നത്. കേന്ദ്രത്തിനെതിരായി നില്‍ക്കുന്ന ശക്തികളെ എല്ലായ്‌പ്പോഴും പിന്തുണക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.