ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ തിരിച്ച് വരുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെഡിയൂരപ്പ.
130 മുതല്‍ 135 സീറ്റുകള്‍ വരെ ബിജെപി ഈ തിരഞ്ഞെടുപ്പില്‍ ലഭിക്കും എന്നാണ് യെഡിയൂരപ്പയുടെ പ്രവചനം. മാത്രമല്ല വരുണ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കരുത്തനായ നേതാവ് സിദ്ധരാമയ്യ തോല്‍ക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു.
‘വരുണ മണ്ഡലത്തില്‍ സിദ്ധരാമയ്യയുടെ എതിരാളി ബിജെപി നേതാവ് വി സോമണ്ണയാണ്’. വി സോമണ്ണ മണ്ഡലത്തില്‍ രാവും പകലും എന്നില്ലാതെ പ്രവര്‍ത്തിക്കുകയാണ് എന്നും അദ്ദേഹം വിജയിക്കുമെന്നും യെഡിയൂരപ്പ കൂട്ടിച്ചേര്‍ത്തു.
‘വരുണ മണ്ഡലത്തില്‍ സോമണ്ണ ജയിക്കും. അതുകൂടി നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുകയാണ്. കാരണം താന്‍ ഒന്നു രണ്ട് ദിവസം വരുണയില്‍ ഉണ്ടായിരുന്നു. സോമണ്ണ രാവും പകലും പ്രവര്‍ത്തിക്കുകയാണ്. സിദ്ധരാമയ്യ ഈ തിരഞ്ഞെടുപ്പില്‍ ദയനീയമായി തോല്‍ക്കും’, ബിഎസ് യെഡിയൂരപ്പ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
ഞങ്ങള്‍ക്ക് കുറഞ്ഞത് 130 മുതല്‍ 135 വരെ സീറ്റുകള്‍ ലഭിക്കും. തിരഞ്ഞെടുപ്പിന് ശേഷം നമ്മള്‍ ഒരുവട്ടം കൂടി കാണും. മുന്‍പും താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായി വന്നിട്ടുണ്ട്. ഇപ്പോഴും താന്‍ പറയുന്നത് ഞങ്ങള്‍ 130 മുതല്‍ 135 വരെ സീറ്റുകള്‍ നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ്, യെഡിയൂരപ്പ പറഞ്ഞു.