ന്യൂഡല്‍ഹി: ബഹുഭാര്യാത്വം നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇതിന്റെ നിയമസാധുത പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും അ?സം മുഖ്യമന്ത്രി അറിയിച്ചു. മതത്തിനകത്തെ ബഹുഭാര്യാത്വം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഞങ്ങള്‍ ഏക സിവില്‍കോഡിലേക്കല്ല പോകുന്നത്. പക്ഷേ സംസ്ഥാന സര്‍ക്കാറിന് ബഹുഭാര്യാത്വം നിരോധിക്കണം. ഇതിനായി നിയോഗിച്ച സമിതി നിയമവിദഗ്ധരോട് ഉള്‍പ്പടെ വിശദമായ ചര്‍ച്ചകള്‍ നടത്തും. ശരിഅത്ത് നിയമത്തിന്റേത് ഉള്‍പ്പടെയുള്ളവ പരിശോധിക്കുമെന്നും ബിശ്വശര്‍മ്മ അറിയിച്ചു.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. പുരുഷന്‍മാര്‍ നാല് വിവാഹം കഴിക്കുന്നത് ഒഴിവാക്കാനും സ്ത്രീകളെ പ്രസവിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാക്കി മാറ്റുന്നത് തടയാനും ഏക സിവില്‍കോഡ് വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ബി.ജെ.പി കര്‍ണാടകയില്‍ പുറത്തിറക്കിയ അവരുടെ പ്രകടന പത്രികയിലും ഏക സിവില്‍കോഡ് മുന്നോട്ടുവെച്ചിരുന്നു.