മുംബൈ: കസ്റ്റംസില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വര്‍ണ ബിസ്ക്കറ്റുകള്‍ വിഴുങ്ങി യുവാവ്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടിയ യുവാവിനെ അറസ്റ്റിനു ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദുബായില്‍ നിന്നും മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ ഇന്‍തിസാര്‍ അലി (30) ആണ് പിടിയിലായത്. പ്ലാസ്റ്റിക് ഫോയിലില്‍ പൊതിഞ്ഞ ഏഴ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ വിഴുങ്ങിയതായി പ്രതി സമ്മതിച്ചതായി മിറര്‍ നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയിലെ ജെജെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്സ്റേ പരിശോധനയില്‍ പ്രതിയുടെ വയറ്റില്‍ സ്വര്‍ണം കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് രക്ഷപ്പെടാനാണ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ വിഴുങ്ങിയതെന്നാണ് യുവാവ് മൊഴി നല്‍കിയത്.
ഇയാളുടെ വയറ്റില്‍ നിന്നും 240 ഗ്രാം സ്വര്‍ണമാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. കസ്റ്റംസില്‍ നിന്ന് രക്ഷപ്പെട്ടാല്‍ സ്വര്‍ണം പുറത്തെടുക്കാനായി ഇയാള്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിച്ചതായും കണ്ടെത്തി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
മറ്റൊരു സംഭവത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്ന് അറുപത് ലക്ഷം രൂപ വില മതിക്കുന്ന 1059 ഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചെടുത്തു. കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് സ്വര്‍ണമിശ്രിതം പിടികൂടിയത്. ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ചോമ്ബാല സ്വദേശിയായ മുഹമ്മദ് അഫ്‌സാനില്‍ എന്നയാളെയാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.