ബെംഗളൂരു: ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടർന്നു കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനെ എംഎൽസിയാക്കി മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നു സൂചന. അടുത്തമാസം ഒഴിവു വരുന്ന എംഎല്‍സി സീറ്റുകളിലൊന്ന് ഷെട്ടറിനു നല്‍കും. ഷെട്ടറിന്റെ സാന്നിധ്യം മുംബൈ കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസിനു വമ്പിച്ച മുന്നേറ്റത്തിന് ഇടയാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഞായറാഴ്ച രാത്രി ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണു തീരുമാനം. വിജയത്തിൽ ജനങ്ങൾക്കു നന്ദി പറയുന്ന പ്രമേയവും നിയമസഭാകക്ഷിയോഗം പാസാക്കി. ബിജെപി സീറ്റു നിഷേധിച്ചതിനെ തുടർന്ന് ഹൂബ്ലി–ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഷെട്ടർ, ബിജെപിയുടെ മഹേഷ് തേങ്കിനക്കായിയോട് 34,289 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
വോട്ടർമാർക്കു പണം നൽകിയാണു ബിജെപി തന്നെ പരാജയപ്പെടുത്തിയതെന്നു ജഗദീഷ് ഷെട്ടർ ആരോപിച്ചിരുന്നു.