ബെംഗളൂരു; കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ ഭൂരിഭാഗം എം എല്‍ എമാരുടെയും പിന്തുണ സിദ്ധരാമയ്യക്ക്.
85 എം എല്‍ എമാര്‍ സിദ്ധരാമയ്യയെ പിന്തുണക്കുന്നതായാണ് എ ഐ സി സി നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്.
45 നിയമസഭാംഗങ്ങളാണ് ഡി കെ ശിവകുമാറിനൊപ്പമുള്ളത്. അതേസമയം, ആറ് അംഗങ്ങള്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന നിലപാടിലാണെന്നും നിരീക്ഷക സമിതി റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍ണാടകയില്‍ വന്‍ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് പക്ഷെ, ജനവിധി വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ഉഴലുകയാണ്. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്ന ഡി കെ ശിവകുമാര്‍ കടുത്ത അതൃപ്തിയിലാണ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ ഭൂരിപക്ഷം നേടാനായതിനു പിന്നിലെ ചാലക ശക്തി താനാണെന്നാണ് ഡി കെ പറയുന്നത്. എന്നാല്‍, വിമത നീക്കത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഡി കെ ശിവകുമാറിന് പാരയായത് അദ്ദേഹത്തിന്റെ പേരിലുള്ള ഇ ഡി കേസുകളാണ്. ഡി കെ യെ മുഖ്യമന്ത്രിയാക്കിയാല്‍ ഇ ഡി കേസുകള്‍ ബി ജെ പി മുറുക്കുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നുണ്ട്. എന്നാല്‍ സിദ്ധരാമയ്യക്കെതിരെ ഇതുവരെ വ്യക്തിപരമായ ഒരു അഴിമതിയാരോപണവും ഉണ്ടായിട്ടില്ല. അഞ്ച് വര്‍ഷം മുഖ്യമന്ത്രിയും അതിനു മുമ്പ് ഉപമുഖ്യമന്ത്രിയും ആയിരുന്നപ്പോഴും അദ്ദേഹത്തിനെതിരെ ഒരു അഴിമതിയാരോപണവും ബി ജെ പിക്കടക്കം ആര്‍ക്കും ഉയര്‍ത്താന്‍ കഴിഞ്ഞട്ടില്ല. അത് കൊണ്ട് സിദ്ധരാമയ്യ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഉറപ്പാണ്.