ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും പ്രതിജ്ഞ ചൊല്ലും.
ഇതിന് പുറമെ ചില മന്ത്രിമാരും ഇന്ന് അധികാരമേല്‍ക്കും എന്നാണ് വിവരം. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് 8 മന്ത്രിമാരുടെ പേരുകള്‍ കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സിദ്ധരാമയ്യയും ഡികെ ശിവകുമാറും വെള്ളിയാഴ്ച ഡല്‍ഹിയില്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തിയിരുന്നു. രാത്രി വൈകി സിദ്ധരാമയ്യ ബെംഗളൂരുവില്‍ മടങ്ങിയെത്തി. ഇന്നാണ് ഡികെ ശിവകുമാര്‍ എത്തുക എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലുന്ന എട്ട് മന്ത്രിമാരുടെ പേരുകള്‍ പുറത്തായിരിക്കുന്നത്.
ജി പരമേശ്വര, കെഎച്ച് മുനിയപ്പ, കെജെ ജോര്‍ജ്, എംബി പാട്ടീല്‍, സതീഷ് ജാര്‍ഖിഹോളി, പ്രിയാങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി, ബിഇസഡ് സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരുടെ പേരുകളാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. കോണ്‍ഗ്രസിന്റെ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരം എന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. സിദ്ധരാമയ്യ സര്‍ക്കാരില്‍ എല്ലാ ജനവിഭാഗത്തിനും പ്രാതിനിധ്യം നല്‍കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
ജി പരമേശ്വരയും കെഎച്ച് മുനിയപ്പയും പട്ടിക ജാതി വിഭാഗക്കാരാണ്. സതീഷ് ജാര്‍ഖിഹോളി പട്ടിക വര്‍ഗം-വാല്‍മീക്കി വിഭാഗത്തില്‍പ്പെട്ട വ്യക്തിയും. കെജെ ജോര്‍ജ് ക്രിസ്ത്യനും സമീര്‍ അഹമ്മദ് മുസ്ലിം പ്രതിനിധികളുമാകും. എംബി പാട്ടീല്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള മറ്റൊരു വ്യക്തിയാണ് പ്രിയാങ്ക് ഖാര്‍ഗെ. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ കൂടിയാണിദ്ദേഹം. റെഡ്ഡി വിഭാഗത്തിനും പ്രാതിനിധ്യം നല്‍കുന്നുണ്ട്.
കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിളിച്ചിട്ടുണ്ട്. അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചിട്ടില്ല. കേരളത്തില്‍ നിന്നുള്ള സിപിഎം നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിപിഎം പ്രതിനിധിയായി സീതാറാം യെച്ചൂരിയെ ക്ഷണിച്ചു എന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്.
സിദ്ധരാമയ്യ രണ്ടാം തവണയാണ് കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുന്നത്.