ന്യൂഡല്‍ഹി: രാജസ്ഥാനില്‍ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും ഒന്നിച്ചു മുന്നോട്ടു നീങ്ങുമെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയുടെ വസതിയില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വേണുഗോപാല്‍. ഗെലോട്ടിനും സച്ചിനുമൊപ്പമാണ് വേണുഗോപാല്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.
”അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും ഒരുമിച്ചു മുന്നോട്ടു പോകും. ഇരുവരും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടും. രാജസ്ഥാനില്‍ ഞങ്ങള്‍ തന്നെ വിജയിക്കും. രാജസ്ഥാനില്‍ ഭരണം നിലനിര്‍ത്തും. എല്ലാ കാര്യങ്ങളിലും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും’- വേണുഗോപാല്‍ പറഞ്ഞു. നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിലാണ് നിര്‍ണായക പ്രസ്താവന.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോരുതീര്‍ക്കാൻ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയുടെ വസതിയിലാണ് ചര്‍ച്ച നടന്നത്. ഖര്‍ഗെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ രണ്ടു മണിക്കൂര്‍ ഗെലോട്ടുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് സച്ചിൻ പൈലറ്റും ഖര്‍ഗെയുടെ വസതിയില്‍ എത്തുകയായിരുന്നു. രാഹുല്‍ യുഎസ് സന്ദര്‍ശനത്തിനു തിരിക്കുന്നതിനു മുൻപു പ്രശ്നം പരിഹരിക്കാനാണു ഹൈക്കമാൻഡ് ശ്രമിച്ചത്.