കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുന്നു. കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ രാജിവയ്ക്കുകയാണ്. ഏറ്റവും ഒടുവില്‍ മൂന്ന് നേതാക്കളാണ് രാജികത്ത് നല്‍കിയത്. ലക്ഷദ്വീപിലെയും മിനിക്കോയ് ദ്വീപിലെയും സാഹചര്യം കണക്കിലെടുത്താണ് രാജിയെന്ന് ഇന്ന് രാജിവച്ച മൂന്ന് പേരും പ്രതികരിച്ചു.
മിനിക്കോയ് ദ്വീപിലെ ബി.ജെ.പി പ്രസിഡന്റ് ഇബ്രാഹിം തിതിഗി, സെക്രട്ടറി ഷൗക്കത്ത് കന്‍ബിലോഗ്, ട്രഷറര്‍ മുഹമ്മദ് കലീലുഗോത്തി എന്നിവര്‍ ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ അബ്ദുല്‍ കാദര്‍ ഹാജിക്ക് രാജിക്കത്ത് കൈമാറി. ഇനിയും ചില നേതാക്കള്‍ കൂടി രാജിവയ്ക്കുമെന്നാണ് വിവരം.
നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ലക്ഷദ്വീപിലും മിനിക്കോയ് ദ്വീപിലും നടക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജി എന്നു നേതാക്കള്‍ വിശദീകരിക്കുന്നു. ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കി. സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കേസെടുത്തതും പാര്‍ട്ടി പ്രവര്‍ത്തകരുടെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഐഷക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ചില ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.