കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിനി ഐഷ സുല്‍ത്താനയ്ക്കു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന ആവശ്യവുമായി ലക്ഷദ്വീപ് പൊലീസ് ഹൈകോടതിയില്‍.
കഴിഞ്ഞ ദിവസം ഐഷ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് കോടതിയെ ഇപ്പോള്‍ നിലപാട് അറിയിച്ചിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മാത്രമാണ് ഐഷയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അറസ്റ്റു ചെയ്യപ്പെടുമെന്ന ആശങ്കയില്‍ പ്രസക്തിയില്ല. അതേസമയം, ഐഷയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള ദേശവിരുദ്ധ വകുപ്പുകള്‍ നിലനില്‍ക്കുന്നതാണ്. ക്രിമിനല്‍ നടപടി ചട്ടം 41 പ്രകാരമാണ് നോടിസ് നല്‍കിയിരിക്കുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ജൈവായുധ പ്രയോഗം’ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഈ മാസം 20ന് കവരത്തി പൊലീസില്‍ ഹാജരായി മൊഴി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കവരത്തിയില്‍ എത്തിയാല്‍ താന്‍ അറസ്റ്റു ചെയ്യപ്പെട്ടേക്കുമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. രാജ്യദ്രോഹക്കുറ്റം ചാര്‍ത്തപ്പെട്ടതിനു പിന്നാലെ ആഇശ സമൂഹമാധ്യമത്തിലൂടെ വിശദീകരണം നല്‍കുകയും മാപ്പപേക്ഷ നടത്തുകയും ചെയ്തിരുന്നു.
ഐഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കും മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിലൊരാളായ പ്രതീഷ് വിശ്വനാഥന്‍ കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കേസ് വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി വച്ചിരിക്കുകയാണ്.