ന്യൂഡല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാവ് നൂപൂര്‍ ശര്‍മയുടെ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ.
നൂപൂര്‍ ശര്‍മയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി രാജ്യങ്ങള്‍ പ്രതിഷേധിച്ചതിന് മറുപടിയുമായാണ് ഇന്ത്യ രംഗത്തെത്തിയത്. നൂപൂറിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടിനെതിരാണെന്നും എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന സമീപനമാണ് ഇന്ത്യയുടേതെന്നും രാജ്യം നിലപാട് വ്യക്തമാക്കി.
‘വ്യക്തികള്‍ നടത്തുന്ന പ്രകോപനപരമായ പ്രസ്താവന രാജ്യത്തിന്റെ നിലപാടായി കാണേണ്ട. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ തുടര്‍ന്നും രാജ്യം ശക്തമായ നടപടി സ്വീകരിക്കും. നൂപൂര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തിന് തുടര്‍ച്ചയായി വക്താക്കള്‍ക്ക് കര്‍ശന നിയന്ത്രണം നല്‍കുകയാണ് ബി.ജെ.പി. പാര്‍ട്ടി നിലപാടിന് ഉപരിയായി സ്വയം വിശദീകരണം നല്‍കരുത്’- കേന്ദ്രം വ്യക്തമാക്കി.
അതേസമയം, വക്താക്കള്‍ മിതത്വം പാലിക്കണമെന്നും മാന്യമായി പെരുമാറണമെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന വിഷയത്തില്‍ മാത്രം ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്താല്‍ മതിയെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി വക്താക്കള്‍ക്കെതിരെ ഉണ്ടാകുമെന്നും ബി.ജെ.പി വ്യക്തമാക്കി.
ഇതേ സമയം നൂപൂർ ശർ മ നടത്തിയ അപകീർത്തി പരാമര്ശത്തിൽ സൗദി അറേബ്യയും ജിസിസി സെക്രട്ടറിയേറ്റും പ്രതിഷേധം രേഖപ്പെടുത്തി.
എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും തങ്ങള് ബഹുമാനിക്കുന്ന നിലപാടാണ് തങ്ങളു ടേതെന്ന് വ്യക്തമാക്കിയ സൗദി വിദേശകാര്യ മന്ത്രാലയം വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാവിനെതിരെ പാര്ട്ടി സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തു