അബുദബി: ബംഗ്ലാദേശില്‍ നിന്ന് അബുദബിയിലേക്ക് പുറപ്പെട്ട വിമാനം എന്ജിന് തകരാറിനെ തുടര്‍ന്ന് ഇന്ത്യയില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി.
എയര്‍ അറേബ്യയുടെ എയര്‍ബസ് 320 ആണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ബംഗ്ലാദേശ് ചിറ്റഗോങ് എയര്‍പോര്‍ട്ടില്‍നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ഒരു എന്‍ജിനാണ് തകരാറിലായത്. അഹ്മദാബാദ് വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.
ഇന്ത്യന്‍ വ്യോമയാന വകുപ്പ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കോക്പിറ്റില്‍ മുന്നറിയിപ്പ് ലൈറ്റ് കത്തിയതോടെ പൈലറ്റ് ലാന്‍ഡിങ് നടത്തുന്നതിന് അനുമതി ചോദിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം അഹ്മദാബാദിലേക്ക് വഴിതിരിച്ചുവിടുകയും ഇവിടെ ഇറക്കുകയുമാണുണ്ടായത്.
വിമാന അപകട അന്വേഷണ ബ്യൂറോ (എ.എ.ഐ.ബി)യുമായി സഹകരിച്ചാണ് ഡി.ജി.സി.എ സംഭവം പരിശോധിക്കുന്നത്. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കുന്നതിന് വിദഗ്ധ സംഘം അഹ്മദാബാദിലെത്തുമെന്ന് ഡി.ജി.സി.എ അറിയിച്ചു.
കഴിഞ്ഞമാസം അല്‍ബേനിയയിലെ തിരാനയില്നിന്ന് അബുദബിയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന് മിന്നലേറ്റിരുന്നു.
മിന്നലേറ്റ വിമാനത്തിനുള്ളില്‍ വലിയ ശബ്ദമുണ്ടാവുകയും യാത്രക്കാര്‍ പരിഭ്രാന്തരാവുകയും നിലവിളിക്കുകയും ചെയ്തതോടെ സുരക്ഷ കണക്കിലെടുത്ത് വിമാനം തിരികെ ഇറക്കി.