ദില്ലി: സായുധസേനകളില്‍ യുവാക്കള്‍ക്ക് ഹ്രസ്വക്കാലസേവനം ലഭ്യമാക്കുന്ന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ പ്രതിഷേധം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പടരുകയാണ്.
സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ രോഷാകുലരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരെ സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആര്‍മി റിക്രൂട്ട്മെന്റ് പരീക്ഷകള്‍ക്കായി ആഗ്രഹിച്ച നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് തെലങ്കാന നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധത്തിന് മുന്നിട്ടറങ്ങിയത്. ലാത്തിച്ചാര്‍ജും കണ്ണീര് വാതക ഷെല്ലുകളും പ്രതിഷേധം നിയന്ത്രണവിധേയമാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കാന്‍ ജനറല്‍ റെയില്‍വേ പോലീസ് തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
പദ്ധതിക്കെതിരെ ബിഹാറില്‍ 2 ട്രെയിനുകള്‍ക്ക് തീവെച്ച പ്രതിഷേധക്കാര്‍ റെയില്‍വേ ജീവനക്കാരെ ആക്രമിച്ചതായും വാര്‍ത്തയുണ്ട്.
ബിഹാറിലെ സമസ്തിപുരില്‍ സമ്ബര്‍ക്ക ക്രാന്തി എക്സ്പ്രസിന് പ്രതിഷേധക്കാര്‍ തീയിട്ടു. ബിഹിയയില്‍ രണ്ട് റെയില്‍വേ ജീവനക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്