ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ്. തിങ്കളാഴ്ച രാഷ്ട്രപതിയെ കണ്ട് വിഷയത്തില്‍ പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
ദേശീയ ആസ്ഥാനത്ത് ദല്‍ഹി പൊലീസ് അതിക്രമിച്ച് കയറിയതും, എം.പിമാരെയും പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദ്ദിച്ചതും രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ലോക്‌സഭ, രാജ്യസഭ എം.പിമാരെ കണ്ട് നേതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് രാഷ്ട്രപതിയെ കാണാന്‍ നേതാക്കള്‍ തീരുമാനിച്ചത്.
മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് രാഹുല്‍ ഗാന്ധിക്ക് ഇ.ഡിയുടെ നിര്‍ദേശം. മൂന്ന് ദിവസങ്ങളിലായി 30 മണിക്കൂറോളമാണ് രാഹുല്‍ ഗാന്ധി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായത്.
1938ല്‍ ജവഹര്‍ലാല്‍ നെഹ്റു ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ കാരണം 2008ല്‍ പത്രം നിര്‍ത്തുന്നതിന് മുന്‍പായി കോണ്‍ഗ്രസ് നേതൃത്വം പത്രത്തിന് 90കോടി രൂപയുടെ പലിശ രഹിത വായ്പ നല്‍കിയിരുന്നു.
പിന്നീട് 2010ല്‍ സോണിയ ഗാന്ധി പ്രധാന ഷെയര്‍ഹോള്‍ഡറും, രാഹുല്‍ ഗാന്ധി ഡയറക്ടറുമായ യങ് ഇന്ത്യ കമ്പനിയുടെ കീഴിലേക്ക് നാഷണല്‍ ഹെറാള്‍ഡിന്റെ ബാധ്യതകള്‍ മാറ്റി. പണം തിരിച്ചു നല്‍കാന്‍ എ.ജെ.എല്ലിന് സാധിക്കാതിരുന്നതോടെ എ.ജെ.എല്ലിന്റെ 2000കോടി രൂപയുടെ സ്വത്തുക്കള്‍ യങ് ഇന്ത്യ വാങ്ങി.
ഈ സംഭവം ചോദ്യം ചെയ്ത് ബി.ജെ.പി നേതാവായ സുബ്രഹ്മണ്യ സ്വാമി ദല്‍ഹിയിലെ പട്യാല കോടതിയെ സമീപിക്കുകയും ഇതുമായി ബന്ധപ്പെട്ട് 2014ല്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കോടതി വിളിച്ചുവരുത്തിയിരുന്നു. 2015ല്‍ തെളിവില്ലെന്ന് കണ്ടെത്തി കോടതി അവസാനിപ്പിച്ച കേസിലാണ് നിലവില്‍ പുനരന്വേഷണം.