ന്യൂ ഡൽഹി : അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം കത്തുന്നതിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയ.
ബിജെപി ഓഫീസുകളില്‍ സെക്യൂരിറ്റി ഗാര്‍ഡുകളായി അഗ്നിവീര്‍മാരെ നിയോഗിക്കും എന്ന് കൈലാഷ് വിജയ് വാര്‍ഗിയ പറഞ്ഞു. അഗ്നിപഥ് പദ്ധതിയിലൂടെ നാല് വര്‍ഷം സൈനിക പരിശീലനം പൂര്‍ത്തിയാക്കി അഗ്നിവീര്‍ ആയി പുറത്തേക്ക് വരുന്ന യുവാക്കള്‍ക്ക് ബിജെപി ഓഫീസുകളില്‍ സെക്യൂരിറ്റി ഗാര്‍ഡുമാരുടെ ഒഴിവുകള്‍ വരുമ്ബോള്‍ മുന്‍ഗണന നല്‍കും എന്നാണ് കൈലാഷ് വിജയ് വാര്‍ഗിയ പറഞ്ഞത്.
ഒരാള്‍ തന്റെ ഇരുപത്തിയൊന്നാം വയസ്സിലാണ് അഗ്നിപഥ് പദ്ധതി വഴി സൈനിക പരിശീലനത്തിന് ചേരുന്നതെന്ന് കരുതുക. 4 വര്‍ഷം പരിശീലനം കഴിയുമ്ബോള്‍ 25 വയസ്സ് മാത്രമായിരിക്കും പ്രായം. അപ്പോള്‍ 11 ലക്ഷം രൂപ കയ്യില്‍ പണമായി കാണും. അഗ്നിവീര്‍ മെഡല്‍ നെഞ്ചില്‍ ഉണ്ടാകും. ബിജെപി ഓഫീസിലേക്ക് സെക്യൂരിറ്റി ജോലിക്ക് ആരെയെങ്കിലും എടുക്കണമെങ്കില്‍ താന്‍ അയാള്‍ക്കാവും മുന്‍ഗണന നല്‍കുക, വിജയ് വാര്‍ഗിയ മാധ്യമങ്ങളോട് പറഞ്ഞു.
പരാമര്‍ശം വിവാദമായതിന് പിന്നാലെ വിജയ് വാര്‍ഗിയ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ടൂള്‍ കിറ്റ് ഗ്യാംഗ് തന്റെ പരാമര്‍ശത്തെ വളച്ചൊടിക്കുകയാണ് എന്നാണ് ബിജെപി നേതാവ് പറയുന്നത്.