മുംബൈ ; ശിവസേനയും കോണ്‍ഗ്രസും എന്‍ സി പിയും ചേര്‍ന്ന മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ ഉടന്‍ വീണേക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രാജിവെക്കുമെന്നും നിയമസഭ പിരിച്ചുവിടുമെന്നും മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.
വിമത ശിവസേന എം എല്‍ എമാര്‍ ബി ജെ പി തടങ്കലിലാണെന്നും നിതീശ് ദേശ്മുഖിനെ പോലെ രക്ഷപ്പെടാന്‍ ശ്രമിച്ച എം എല്‍ എമാരെ മര്‍ദിച്ച് അവശരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയെന്ന ട്വിറ്റര്‍ ബയോ ടൂറിസം മന്ത്രി ആദിത്യ താക്കറെ നീക്കം ചെയ്തു.
ഗുവാഹത്തിയിലുള്ള വിമത ശിവസേന എം എല്‍ എമാരെ അനുനയിപ്പിക്കാനുള്ള എല്ലാ നീക്കവും പാളിയതായാണ് വിവരം. ഇന്നലെ രാത്രിയോടെയാണ് വിമത ശിവസേന എം എല്‍ എമാരെ ഗുജറാത്തില്‍ നിന്നും ബി ജെ പി നേതൃത്വം അസമിലെ ഗുവാഹത്തിയിലേക്ക് മാറ്റിയത്.
ബി ജെ പി- ശിവസേന സഖ്യം സര്‍ക്കാറുണ്ടാക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലാണ് വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ. 40 എം എല്‍ മാരുടെ പിന്തുണ തനിക്കുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.
ശിവസേനയിലെ ഒരു വിഭാഗത്തിനെ അടര്‍ത്തിയെടുത്ത് സര്‍ക്കാറിനെ മറിച്ചിടാനുള്ള ബി ജെ പി നീക്കം പുരോഗമിക്കുന്നതിനിടെ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിലേക്ക് പോകാനാണ് ശിവസേനയുടെ നീക്കം.