തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
താനവിടെയുണ്ടായിരുന്നു എന്ന് അതിജീവിത പറഞ്ഞിട്ടില്ല. അതിജീവിത നല്‍കാത്ത രഹസ്യ മൊഴി സിപിഎം സംസ്ഥാന സെക്രട്ടറിക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
മോൻസണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്‌സോ കേസില്‍ കെ സുധാകരനെതിരെ എം.വി ഗോവിന്ദൻ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മോൻസണ്‍ മാവുങ്കല്‍ തന്നെ പീഡിപ്പിക്കുമ്ബോള്‍ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്ന് മൊഴിയിലുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി. പോക്‌സോ കേസില്‍ സുധാകരന്റെ മൊഴിയെടുക്കുമെന്ന തരത്തില്‍ വാര്‍ത്ത വന്നെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം.
അതേസമയം, കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ പരാമര്‍ശത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പൊതുപ്രവര്‍ത്തകൻ പായിച്ചിറ നവാസ് പരാതി നല്‍കി. പോക്‌സോ കേസില്‍ സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്നും ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം.