ന്യൂഡൽഹി: ഓം ബിർള 18ാം ലോക്സഭയുടെ സ്പീക്കർ. ശബ്ദവോട്ടോടെയാണ് ഓം ബിർളയെ സ്പീക്കറായി തെരഞ്ഞെടുത്തത്. ഓം ബിർളയെ സ്പീക്കറായി നിർദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയമാണ് ലോക്സഭ പാസാക്കിയത്. സ്പീക്കർ തെരഞ്ഞെടുപ്പിനിടെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതോട് കൂടിയാണ് ഓം ബിർളയെ ശബ്ദവോട്ടോടെ സ്പീക്കറായി തെരഞ്ഞെടുത്തത്.
1998ന് ശേഷം ആദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് ഒന്നിലേറെ സ്ഥാനാർഥികൾ രംഗത്തെത്തുന്നത്.ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകുമെന്ന് ഉറപ്പ് നൽകാൻ സർക്കാർ തയാറാകാതിരുന്നതോടെയാണ് സ്പീക്കർ പദവിയിൽ സമവായ നീക്കം പൊളിഞ്ഞതും പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്തിയതും. എൻ.ഡി.എയുടെ സ്പീക്കർ സ്ഥാനാർഥിയായ ബി.ജെ.പി എം.പി ഓം ബിർളക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെയാണ് ഇൻഡ്യ സഖ്യം മത്സരിപ്പിച്ചത്.
എന്നാൽ, ഇന്ന് ലോക്സഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിനിടെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെ പിന്തുണക്കുമെന്ന് തൃണമൂൽ കോൺഗ്രസ് ഉൾപ്പടെയുള്ള ഇൻഡ്യ സഖ്യത്തിലെ പ്രമുഖ കക്ഷികളെല്ലാം അറിയിച്ചിരുന്നു. തങ്ങളോട് ആലോചിക്കാതെയാണ് സ്പീക്കർ സ്ഥാനാർഥിയെ ഇൻഡ്യ സഖ്യം പ്രഖ്യാപിച്ചതെന്നായിരുന്നു തൃണമൂലിന്റെ ആരോപണം. പിന്നീട് സഖ്യ സ്ഥാനാർഥിക്ക് തൃണമൂൽ പിന്തുണയറിയിക്കുകയായിരുന്നു.
ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകുകയെന്ന കീഴ്വഴക്കം അംഗീകരിക്കാൻ തയാറായാൽ സ്പീക്കറുടെ കാര്യത്തിൽ സമവായമാകാമെന്ന നിലപാടാണ് ഇൻഡ്യ സഖ്യം സ്വീകരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാൻ സർക്കാർ തയാറായില്ല. ഇതോടെയാണ് അവസാന നിമിഷം സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർഥിയെ നിർത്താൻ ഇൻഡ്യ സഖ്യം തയാറായത്. 542 അംഗ സഭയിൽ 271 വോട്ടാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയിരുന്നത്.