മുംബൈ: 24 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് യുജി പരീക്ഷ ഫലത്തിലെ ക്രമക്കേടുകൾ എൻഡിഎ സർക്കാറിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. റാങ്കുകാരുടെ റിസൾട്ടിലെ ക്രമക്കേടുകളിൽ തുടങ്ങിയ വിവാദം ഇപ്പോൾ രാജ്യത്തെ പൊതുപ്രവേശന പരീക്ഷകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യംചെയ്യുന്ന നിലയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.
9 ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതിയ യുജിസി നെറ്റ് പരീക്ഷയിലും ചോദ്യപേപ്പർ ചോർച്ച കണ്ടെത്തിയതോടെ പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളെല്ലാം തന്നെ സംശയനിഴലിലായ സാഹചര്യം. എന്നാൽ, നീറ്റും നെറ്റും മാത്രമല്ല 2019 മുതൽ 19 സംസ്ഥാനങ്ങളിലായി 64 പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യ ടുഡേയുടെ ഓപ്പൺ സോഴ്‌സ് ഇൻ്റലിജൻസ് (OSINT) ടീമിന്റേതാണ് റിപ്പോർട്ട്.
പബ്ലിക് റെക്കോർഡുകളിൽ നിന്നും മീഡിയ റിപ്പോർട്ടുകളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പാൻ- ഇന്ത്യ തലത്തിൽ നടന്ന നാല് പരീക്ഷകളും ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ ഉൾപ്പെട്ടിരുന്നു. 2021-ൽ സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഇന്ത്യൻ ആർമിയുടെ പൊതു പ്രവേശന പരീക്ഷ, 2023ൽ നടന്ന സെൻട്രൽ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (CTET) , 2021ലെ നീറ്റ്- യുജി, 2021ലെ ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻസ് എന്നിവയാണവ.
2019 മുതലുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഉത്തർപ്രദേശിലാണ് കൂടുതൽ കേസുകൾ. എട്ടുകേസുകളാണ് സംഭവങ്ങളാണ് യുപിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാനും മഹാരാഷ്ട്രയും രണ്ടാം സ്ഥാനത്തുണ്ട്. ഏഴ് കേസുകളാണ് ഇവിടെ നിന്ന് പുറത്തുവന്നിരിക്കുന്നത്. 2019 ജനുവരി 1 നും 2024 ജൂൺ 25 നും ഇടയിൽ ബിഹാറിൽ ആറ്, ഗുജറാത്തിലും മധ്യപ്രദേശിലും നാല്, ഹരിയാന, കർണാടക, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും ചോദ്യപേപ്പർ ചോർച്ചയുണ്ടായി.
ഡൽഹി, മണിപ്പൂർ, തെലങ്കാന എന്നിവിടങ്ങളിൽ രണ്ട് വീതവും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ഝാർഖണ്ഡ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ ഒന്ന് വീതവും പേപ്പർ ചോർച്ച റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഈ വിശകലനത്തിൽ ഉൾപ്പെടുത്തിയതിൽ 45 പരീക്ഷകൾ സർക്കാർ വകുപ്പുകളിലേക്ക് വേണ്ടി നടത്തിയതായിരുന്നു. ഇവയിൽ 27 എണ്ണം റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തിട്ടുണ്ട്.
ഇക്കാലയളവിൽ സർക്കാർ തസ്തികകൾ നികത്താനുള്ള മൂന്ന് ലക്ഷത്തിലധികം പരീക്ഷകളാണ് പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജസ്ഥാനിലെയും ഉത്തർപ്രദേശിലെയും അധ്യാപക യോഗ്യതാ പരീക്ഷ, അസം, രാജസ്ഥാൻ, കർണാടക, ജമ്മു & കശ്മീർ എന്നിവിടങ്ങളിലെ പോലീസ് റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾ, ഉത്തരാഖണ്ഡിലെ ഫോറസ്റ്റ് റിക്രൂട്ട്‌മെൻ്റ് പരീക്ഷ, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ജൂനിയർ എഞ്ചിനീയർ റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾ എന്നിവയുൾപ്പെടെ ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളിൽ ഇടംനേടിയിട്ടുണ്ട്.
അതേസമയം, നീറ്റ് പരീക്ഷ നടന്ന മെയ് 4 നാലിന് തന്നെ ബിഹാറിൽ ചോദ്യപേപ്പർ ചോർന്നെന്ന വിവരം പുറത്തുവന്നിരുന്നു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതോടെ കണ്ണികൾ ഒരോന്നായി പുറത്തുവന്നുതുടങ്ങി. 13 പേരെയാണ് പൊലീസ് ഒരാഴ്‌ച കൊണ്ട് അറസ്റ്റ് ചെയ്‌തത്. പിന്നാലെ ഇടനിലക്കാരും പിടിയിലായി. ചോദ്യപേപ്പർ കൈമാറുന്നതിന് 40 മുതൽ 50 ലക്ഷം രൂപ വരെയാണ് ഈടാക്കിയതെന്നത് ഞെട്ടിക്കുന്നതായിരുന്നു.നിലവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ചോദ്യപേപ്പർ മാഫിയയിലേക്കും.