നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ചോദ്യം ചെയ്ത് സിബിഐ. ചോദ്യം ചെയ്യലിന് ശേഷം പ്രിന്‍സിപ്പാളിനെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. കൂടാതെ സിബിഐയിലെ മറ്റൊരു സംഘം ഗുജറാത്തിലെ ഖേഡയിലും പഞ്ച്മഹലിലുമുള്ള രണ്ട് സ്വകാര്യ സ്‌കൂളുകളിലും റെയ്ഡ് നടത്തിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതായി പാട്‌ന കോടതി അറിയിച്ചു. സിബിഐയ്ക്ക് മുമ്പ് ബീഹാര്‍ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു.
ഹസാരിബാഗിലെ ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. അഖ്‌സാനുല്‍ ഹഖിനെയാണ് സിബിഐ ചോദ്യം ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹസാരിബാഗിലെ നീറ്റ്-യുജി പരീക്ഷയുടെ ജില്ലാ കോര്‍ഡിനേറ്ററായിരുന്നു ഹഖ്. നീറ്റ് ചോദ്യപേപ്പറില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘‘രാവിലെ 9.30 ഓടെയാണ് സിബിഐ സംഘം ജില്ലയിലെത്തിയത്. ഹഖിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ശേഷം സിബിഐ സംഘം ഹഖിനെ കല്ലു ചൗക്കിലുള്ള സ്‌കൂള്‍ ക്യാംപസിലേക്ക് കൊണ്ടുപോയി,’’ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടാതെ സിബിഐയിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഹസാരിബാഗിലെ എസ്ബിഐയുടെ ശാഖയും സന്ദര്‍ശിച്ചു. നീറ്റ് ചോദ്യ പേപ്പറുകള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. പ്രിന്‍സിപ്പലിനെ കസ്റ്റഡിയിലെടുക്കും മുമ്പ് സിബിഐ സംഘം നൂതന്‍ നഗറിലെ ബ്ലൂ ഡാര്‍ട്ട് എക്‌സ്പ്രസും സന്ദര്‍ശിച്ചിരുന്നു.
സിബിഐ നടപടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാൻ ഹസാരിബാഗ് പോലീസ് സൂപ്രണ്ട് അരവിന്ദ് കുമാര്‍ സിംഗ് തയ്യാറായില്ല. ‘‘ഇതേപ്പറ്റി എനിക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സിബിഐ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ കസ്റ്റഡിയിലെടുത്തുവെന്ന കാര്യം മാത്രമെ എനിക്കറിയൂ. അന്വേഷണ ഏജന്‍സികള്‍ക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാനുള്ള അധികാരമുണ്ട്,’’ അദ്ദേഹം പറഞ്ഞു.
ജൂണ്‍ 23ന് ബീഹാര്‍ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഒയാസിസ് സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. പരീക്ഷാ നടത്തിപ്പിനെക്കുറിച്ചും ചോദ്യപേപ്പറുകളടങ്ങിയ ബോക്‌സിന്റെ ഡിജിറ്റല്‍ ലോക്ക് തുറക്കുന്നതിനെപ്പറ്റിയും അധികൃതരോട് അന്വേഷണ സംഘം സംസാരിച്ചിരുന്നു. അതേസമയം പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ബീഹാര്‍ പോലീസ് ആറ് പേരെ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ ഉള്‍പ്പെട്ട ബല്‍ദേവ് കുമാര്‍, മുകേഷ് കുമാര്‍ എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി സിബിഐ കസ്റ്റഡിയില്‍ വിടുന്നതിന് പാട്‌ന കോടതി അനുമതി നല്‍കിയിരുന്നു.