ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പയ്‌ക്കെതിരെ കർണാടക ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) കുറ്റപത്രം സമർപ്പിച്ചു. സംസ്ഥാനത്തെ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് സിഐഡി കുറ്റപത്രം സമർപ്പിച്ചത്.
ഫെബ്രുവരിയിൽ യെദിയൂരപ്പയുടെ വസതിയിൽ വച്ച് 17 വയസ്സുള്ള തൻ്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ ആരോപിച്ചതിനെ തുടർന്നാണ് ഇയാൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തത്. 54-കാരിയായ പരാതിക്കാരി ശ്വാസകോശ അർബുദം ബാധിച്ച് മരിച്ചിരുന്നു. തുടര്‍ന്ന് യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ മകൻ കോടതിയെ സമീപിച്ചു. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് മാസമായിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും യെദിയൂരപ്പ നിഷേധിച്ചിരുന്നു.