ചെന്നൈ: എ.ഐ.എ.ഡി.എം.കെയില്‍ എടപ്പാടി പളനിസ്വാമിയും (ഇ.പി.എസ്) ഒ പനീര്‍ശെല്‍വും (ഒ.പി.എസ്) തമ്മിലുള്ള അധികാരത്തര്‍ക്കം തെരുവ് യുദ്ധത്തിലേക്ക് നീങ്ങിയതോടെ ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനം സീല്‍ ചെയ്ത് തമിഴ്‌നാട് റവന്യൂ വകുപ്പ്. എടപ്പാടിയുടെ നീക്കത്തിനെതിരെ നിയമപോരാട്ടം തുടരുമെന്നും നീതി തേടി പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും പ്രഖ്യാപിച്ച് പനീര്‍ശെല്‍വം അനുയായികളോടൊപ്പം പാര്‍ട്ടി ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെയായിരുന്നു റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി എ.ഐ.എ.ഡി.എം.കെ ആസ്ഥാനമായ എം.ജി.ആര്‍ മാലിഗൈ സീല്‍ ചെയ്തത്.
ഉച്ചയ്ക്ക് 12.25ഓടെ എ.ഐ.എ.ഡി.എം.കെ ഓഫീസില്‍ എത്തിയ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ സായി വര്‍ധിനി, പാര്‍ട്ടി ഓഫീസിനുള്ളിലുണ്ടായിരുന്ന ഒ.പി.എസിനോടും അനുയായികളോടും ക്യാമ്പസില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. സി.ആര്‍.പി.സിയുടെ സെക്ഷന്‍ 145 (ഭൂമിയോ വെള്ളമോ സംബന്ധിച്ച തര്‍ക്കം സമാധാന ലംഘനത്തിന് കാരണമാകുന്ന നടപടിക്രമം) പ്രകാരമാണ് എ.ഐ.എ.ഡി.എം.കെ ഓഫീസ് സീല്‍ ചെയ്തത്. സെക്ഷന്‍ 146 (1) (തര്‍ക്ക വിഷയം അറ്റാച്ച് ചെയ്യാനും റിസീവറെ നിയമിക്കാനും ഉള്ള അധികാരം) ഉം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പാര്‍ട്ടി ഓഫീസ് പരിസരത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.
മുദ്രവച്ച ഓഫീസിന് അകത്തേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചാല്‍ രണ്ട് വര്‍ഷം തടവ് അനുഭവിക്കേണ്ടി വരുമെന്നും ഓഫീസര്‍ വ്യക്തമാക്കി. ഒ.പി.എസും അനുയായികളും രാവിലെ പാര്‍ട്ടി ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇ.പി.എസ്, ഒ.പി.എസ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു. പരസ്പരം കല്ലേറ് നടത്തുകയും കല്ലെറിയുകയും മൂര്‍ച്ചയുള്ള ആയുധങ്ങളും വടികളും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയും ചെയ്തു. അക്രമത്തില് നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
അതേസമയം, ഭരണകക്ഷിയായ ഡി എം കെയുടെ ആളാണ് പനീര്‍ശെല്‍വമെന്ന് തുറന്നടിച്ച പളനിസ്വാമി, അക്രമത്തിന് പനീര്‍ശെല്‍വത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. പാര്‍ട്ടി ഓഫീസിലെ രേഖകള്‍ ഒ പി എസ് എടുത്തുകൊണ്ടുപോയെന്നും അന്തരിച്ച പാര്‍ട്ടി അധ്യക്ഷ ജെ ജയലളിത ഉപയോഗിച്ചിരുന്ന ഓഫീസ് ചേംബര്‍ കുത്തിത്തുറന്നുവെന്നും എടപ്പാടി ആരോപിച്ചു.
പാര്‍ട്ടി ഓഫീസിന് സംരക്ഷണം ആവശ്യപ്പെട്ട് പോലീസിന് മുന്‍കൂര്‍ അപേക്ഷ നല്‍കിയിരുന്നെന്നും തങ്ങള്‍ ഭയപ്പെട്ടത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായെന്നും എ.ഐ.എ.ഡി.എം.കെ നേതാവ് ഡി ജയകുമാറും ആരോപിച്ചു. അക്രമത്തിന് പനീര്‍ശെല്‍വത്തെയും അദ്ദേഹത്തിന്റെ അനുയായികളെയും കുറ്റപ്പെടുത്തിയ അദ്ദേഹം പാര്‍ട്ടി ഓഫീസ് സീല്‍ ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു.
എ.ഐ.എ.ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തെരഞ്ഞെടുക്കുന്ന യോഗം ചേരുമ്പോള്‍ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഓഫീസ് പരിസരത്ത് ഏറ്റുമുട്ടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്
ജനറല്‍ കൗണ്‍സില്‍ യോഗത്തിന് ചേരാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒ പനീര്‍സെല്‍വം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും രാവിലെ 9 മണിയോടെ തന്നെ ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി പനീര്‍സെല്‍വത്തിന്റെ ആവശ്യം തള്ളി. ജനറല്‍ കൌണ്‍സിലില്‍ എടപ്പാടി പക്ഷത്തിന് വലിയ ഭൂരിപക്ഷമുള്ളതിനാല്‍ തന്നെ അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയായി തീരുമാനിക്കുമെന്ന കാര്യം ഉറപ്പായിരുന്നു.
ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്തതിനോടൊപ്പം തന്നെ പാര്‍ട്ടിയിലെ കോ-ഓര്‍ഡിനേറ്റര്‍, ജോയന്റ് കോ-ഓര്‍ഡിനേറ്റര്‍ പദവികളും ഇരട്ടനേതൃസ്ഥാനവും അവസാനിപ്പിക്കാനുള്ള തീരുമാനം ജനറല്‍ കൗണ്‍സില്‍ കൈക്കൊണ്ടു. ഇതാണ് പനീര്‍സെല്‍വം പക്ഷത്തിന് കനത്ത തിരിച്ചടിയായി മാറിയത്. യോഗത്തില്‍ പെരിയാറിനും എം ജി രാമചന്ദ്രനും ജയലളിതയ്ക്കും ഭാരതരത്ന നല്‍കണമെന്ന പ്രമേയവും പാസാക്കി.