കൊഹിമ: ജനസംഖ്യാ വര്‍ധനവിനെ വളരെ ഗൗരവത്തോടെ കാണണമെന്ന് നാഗാലാന്‍ഡ് മന്ത്രി തെംജെന്‍ ഇംന അലോങ്. ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകുകയും കുടുംബാസൂത്രണത്തില്‍ ശ്രദ്ധയൂന്നുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ എല്ലാവരും തന്നെപ്പോലെ അവിവാഹിതനായി തുടരണമെന്ന് ട്വിറ്ററിലൂടെ മന്ത്രി നിര്‍ദേശിച്ചു. ജനസംഖ്യാദിനമായ ഇന്ന് ഈ സിംഗിള്‍ മുന്നേറ്റത്തില്‍ അണിചേര്‍ന്ന് നാടിന്റെ സുസ്ഥിരഭാവിക്കായി പ്രവര്‍ത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ട്വീറ്റ് പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മന്ത്രിയുടെ നിര്‍ദേശം വലിയ ചര്‍ച്ചയായി. ചിലര്‍ നാഗാലാന്‍ഡ് ബിജെപി അധ്യക്ഷന്‍ കൂടിയായ മന്ത്രിയുടെ നര്‍മബോധത്തെ പ്രശംസിച്ചപ്പോള്‍ മറ്റ് ചിലര്‍ മന്ത്രിക്ക് യഥാര്‍ഥത്തില്‍ ഭാര്യയുണ്ടോ എന്ന് ഗൂഗിളില്‍ തെരഞ്ഞു. തന്റെ ഭാര്യയെക്കുറിച്ച് ആളുകള്‍ വ്യാപകമായി ഗൂഗിളില്‍ തിരയുകയാണെന്നും ഈ ഗൂഗിള്‍ സെര്‍ച്ചുകള്‍ കണ്ട് താന്‍ വല്ലാതെ ആവേശഭരിതനായെന്നും പിന്നീട് മന്ത്രി തന്നെ ട്വീറ്റ് ചെയ്തു.
നര്‍മം ചാലിച്ചുകൊണ്ടുള്ള രസകരമായ പോസ്റ്റുകളിലൂടെ തെംജെന്‍ ഇംന അലോങ് മുന്‍പും സോഷ്യല്‍ മീഡിയയില്‍ താരമായിട്ടുണ്ട്. മന്ത്രിയുടെ കണ്ണുകളെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നിരവധി അധിക്ഷേപ പരാമര്‍ശങ്ങള്‍ നിറഞ്ഞപ്പോള്‍ അവയെ തമാശകൊണ്ട് തെംജെന്‍ മറികടന്നത് കണ്ട് സോഷ്യല്‍ മീഡിയ മുന്‍പ് കയ്യടിച്ചിരുന്നു. എന്റെ കണ്ണ് വളരെ ചെറുതായതിനാല്‍ വളരെ കുറച്ച് പൊടിപടലങ്ങള്‍ മാത്രമേ കണ്ണില്‍ കയറൂ എന്നായിരുന്നു അധിക്ഷേപ പോസ്റ്റുകള്‍ക്കുള്ള മന്ത്രിയുടെ മറുപടി.